തിരുവനന്തപുരം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായ സാഹചര്യത്തിൽ ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും കോഴിക്കോട്ട് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റും പതാക ഉയർത്തും.
മലപ്പുറം ജില്ലാ കളക്ടർ എൻ. ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ളവർ നിരീക്ഷണത്തിലായത്. കരിപ്പൂർ വിമാനത്താവള സന്ദർശന വേളയിൽ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടറും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീൻ, ഇ. ചന്ദ്രശേഖരൻ, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, വി.എസ്. സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് നിരീക്ഷണത്തിലായത്. അതേസമയം ഗവർണർ സ്വയം നിരീക്ഷണത്തിൽ കഴിയില്ലെന്ന് രാജ്ഭവൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവാണ്. ഒരറിയിപ്പുണ്ടാകുന്നതുവരെ മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനം മാറ്റിവച്ചു. സ്പീക്കറും അടുത്ത ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കി.