hand-caff

തിരൂരങ്ങാടി: പെട്രോൾ പമ്പുകളിൽ മോഷണം നടത്തി പത്തുലക്ഷത്തോളം കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവർ. താനൂർ പനങ്ങാട്ടൂരിൽ തയ്യിൽപറമ്പിൽ വീട്ടിൽ മഞ്ജുനാഥൻ (42),​ ഭാര്യ പാഞ്ചാലി(35), താനാളുർ വട്ടത്താണി വേങ്ങപ്പറമ്പ് വീട്ടിൽ സുദർശൻ(24), തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി വിജയകാന്ത് (33) എന്നിവരാണ് അറസ്റ്റിലായത്.

ആറിന് വേങ്ങരയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ മൂന്നുലക്ഷം രൂപയും ഒമ്പതിന് ചേളാരിയിലെ പമ്പിൽ നടന്ന മോഷണത്തിൽ ഏഴ് ലക്ഷം രൂപയും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണത്തിനായി ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. തുടർന്നാണ് പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്തതിൽ മണ്ണൂർ വളവിലെ മൊബൈൽ കട കുത്തിത്തുറന്ന് 20 ഓളം മൊബൈൽ ഫോണുകളും മൊബൈൽ ആക്സസറീസുമടക്കം 1.5 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിനും നല്ലളത്തെ ബൈക്ക് മോഷ്ടിച്ച കേസിനും തുമ്പായി. മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു. മോഷ്ടിച്ച പണമുപയോഗിച്ച് രണ്ടുദിവസം മുമ്പ് ഇവർ ഓട്ടോറിക്ഷ വാങ്ങിയതായി കണ്ടെത്തി. ഓട്ടോറിക്ഷ പിടിച്ചെടുത്തു. ബാക്കിയുള്ള പണം മഞ്ജുനാഥിന്റെ വാടകവീടിന്റെ പിറകിൽ നിന്നും പ്ലാസ്റ്റിക്ക് കവറിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

നിരവധി മോഷണക്കേസുകളിൽ പിടിയിലായ മഞ്ജുനാഥും ഭാര്യയും കഴിഞ്ഞ മാർച്ചിൽ കോട്ടയ്ക്കലിലെ ഡോക്ടറുടെ വീടും കാടാമ്പുഴയിലെ വീടും പൊളിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പിടിയിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. മഞ്ജുനാഥിന്റെ പേരിൽ 20ഓളം മോഷണക്കേസുകളുണ്ട്. സുദർശനൻ ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ്. ഇയാളെ കോഴിക്കോട് റെയിൽവേ പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ വച്ചുള്ള പരിചയമാണ് പുതിയ കൂട്ടുകെട്ടിലേക്കെത്തിച്ചത്. പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും.