തിരുവനന്തപുരം: സംസ്ഥാന നിയമസഭകളുടെ ചരിത്രത്തിലാദ്യമായി ടെലിവിഷൻ ചാനൽ സംരംഭം കേരള നിയമസഭയിൽ സഭാ ടി.വിയെന്ന പേരിൽ 17ന് (ചിങ്ങം ഒന്ന്) ലോഞ്ച് ചെയ്യുമെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള വീഡിയോ കോൺഫറൻസിംഗ് മുഖേന നിർവഹിക്കും.
മുഖ്യമന്ത്രി, സ്‌പീക്കർ,ഡെപ്യൂട്ടി സ്‌പീക്കർ,പ്രതിപക്ഷനേതാവ്, വിവിധ കക്ഷിനേതാക്കൾ എന്നിവർ നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ പങ്കാളികളാവും. മുഖ്യമന്ത്രി മുഖ്യപ്രഭാഷണം നടത്തും. സഭാ ടി.വി ഓൺലൈനിന്റെ ഭാഗമായ ഒ.ടി.ടി. പ്ലാറ്റ്‌ഫോമും ഉടൻ സജ്ജമാക്കും. ആദ്യഘട്ടത്തിൽ കൗമുദി ടി.വി. ഉൾപ്പെടെ വിവിധ മലയാളം ചാനലുകളിൽ ആഴ്ചയിൽ അര മണിക്കൂർ ടൈം സ്ലോട്ട് വാടകയ്ക്കെടുത്ത് നിയമസഭാ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കും.
ചടങ്ങിൽ സഭാ ടി.വിയുടെ വിവിധ സെഗ്മെന്റുകളും സഭാ ചരിത്രവും സംബന്ധിച്ച വീഡിയോ പ്രദർശിപ്പിക്കും. സ്‌പീക്കറുടെ ഒഫീഷ്യൽ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും നിയമസഭയുടെ ഡൈനാമിക് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സ്പീക്കറും ഒാൺലൈനായി നിർവ്വഹിക്കും.
നാല് വിഭാഗങ്ങൾ
കേരള നിയമസഭയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സഭയും സമൂഹവും, ബില്ലിന്റെ രൂപീകരണത്തിലെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന കേരള ഡയലോഗ്, കേരള പരിച്ഛേദത്തെക്കുറിച്ച് സംവദിക്കുന്ന സെൻട്രൽ ഹാൾ, നിയമസഭാ മണ്ഡലങ്ങളുടെ പ്രത്യേകതകളും ചരിത്രപ്രാധാന്യവും, വിവിധ രംഗങ്ങളിലെ പുരോഗതിയും കൈകാര്യം ചെയ്യുന്ന നാട്ടുവഴി എന്നീ നാല് വിഭാഗം ഉൾപ്പെടുന്നതാണ് ആദ്യ ഘട്ടത്തിലെ പരിപാടികൾ.ആഴ്ചയിൽ രണ്ട് എപ്പിസോഡ്.
ഒ.ടി.ടി പ്ലാറ്റ്ഫോം
നിയമസഭയുടെയും നിയമസഭാ പ്രവർത്തനങ്ങൾക്ക് സഹായകരവുമായ പരിപാടികൾ ഷോകേസ് ചെയ്യുന്നതാണ് ഒ.ടി.ടി പ്ലാറ്റ്ഫോം. ആവശ്യമുള്ളതെല്ലാം ആവശ്യമുള്ളപ്പോഴെല്ലാം കാണാൻ കഴിയുന്ന ഈ സാങ്കേതിക വിദ്യ നേരിട്ട് ജനങ്ങളിലെത്തിക്കും. തഴയപ്പെടുന്ന കലാകാരന്മാർക്കും തീയേറ്ററുകളിൽ റിലീസ് നൽകാത്ത സിനിമകൾക്കും അവസരം നൽകും.
ഡിജിറ്റിൽ
നിയമസഭ
സമ്പൂർണ്ണ കടലാസ് രഹിത നിയമസഭയെന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുന്നതോടെ പ്രതിവർഷം 30 കോടി ലാഭിക്കാൻ കഴിയുമെന്ന് സ്‌പീക്കർ പറഞ്ഞു. നിയമസഭയിലെ 20 അംഗങ്ങളെ ഉൾപ്പെടുത്തി പൈലറ്റ് ടീം ആദ്യഘട്ടത്തിൽ പൂർണ്ണമായും ഡിജിറ്റൽ നിയമസഭയുടെ ഭാഗമാകും. നിയമസഭാ പ്രവർത്തനങ്ങളെ പരമാവധി ഡിജിറ്റൽ സാങ്കേതിക വിദ്യ വഴി ബന്ധിപ്പിക്കുന്ന ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും 2 സാമാജികർക്ക് വീതം പുരസ്‌ക്കാരം നൽകും.
ആദ്യ പ്രോഗ്രം കൗമുദി
ടിവി ചാനലിൽ
നിയമസഭാ ടി.വിയുടെ ഉദ്ഘാടന ദിവസത്തെ ആദ്യ പ്രോഗ്രാം കൗമുദി ടി.വി. ചാനലിലാണ്. രാത്രി എട്ട് മണിക്കാണിത് വിവിധ മലയാളം ചാനലുകളിൽ ആഴ്ചയിൽ അര മണിക്കൂർ വീതമാണ് സഭാ ടി.വി പരിപാടികൾ ആദ്യഘട്ടത്തിൽ അവതരിപ്പിക്കുക.