വെഞ്ഞാറമൂട്: കൊവിഡ് പ്രതിസന്ധികൾക്കിടയിലും നാട്ടിൻപുറങ്ങളിലെ ഓണവിപണികൾ സജീവമാകുന്നു. അപ്രതീക്ഷിതമായി വന്നെത്തിയ മഴയെ തുടർന്ന് ഗ്രാമ പ്രദേശങ്ങളിൽ വ്യാപകമായി കൃഷിനാശം സംഭവിച്ചുവെങ്കിലും കർഷകരുടെ കഠിനപ്രയത്നത്താൽ കാർഷിക വിപണി വീണ്ടെടുപ്പിന്റെ പാതയിലാണ്. വാഴയും കപ്പയും മറ്റ് പച്ചക്കറികളുമെല്ലാം മഴ കെടുതികളെ അതിജീവിച്ച് ഓണ വിപണി മുന്നിൽ കണ്ട് വിളവെടുപ്പിന് തയ്യാറെടുക്കുകയാണ്.
കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളും, ധാന്യവിളകളും കിഴങ്ങു വർഗങ്ങളുമാണ് പ്രധാനമായും ഗ്രാമീണ വിപണികളിലെത്തുന്നത്. രാസവള പ്രയോഗങ്ങളില്ലാതെ വിളവെടുക്കുന്നതിനാൽ നാടൻ പച്ചക്കറികൾക്ക് ആവശ്യക്കാരും ഏറെയാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ എത്തിച്ചേർന്ന മഴകെടുതി ഗ്രാമീണ കർഷകന്റ ഓണ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുവെങ്കിലും കൈയിൽകിട്ടിയ ചെറിയ വിളവെടുപ്പുമായി ഓണത്തെ വരവേല്കാനൊരുങ്ങുകയാണ് ഗ്രാമീണ കർഷകർ.
നെല്ലനാട്, മാണിക്കൽ, വാമനപുരം, കല്ലറ, പാങ്ങോട്, വെമ്പായം പഞ്ചായത്തുകളിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകളുടെയും, സ്വാശ്രയ കർഷക സംഘങ്ങളുടെയും, കർഷകരുടെയും കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള കേന്ദ്രങ്ങൾ തയ്യാറായി വരുന്നു.