തിരുവനന്തപുരം: സ്വർണത്തിന്റെ നികുതി വെട്ടിപ്പ് തടയാൻ സംസ്ഥാനത്ത് ഇ-വേബിൽ നടപ്പാക്കുമെന്ന ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ പ്രഖ്യാപനം അപ്രയോഗികമാണെന്ന് നികുതി രംഗത്തെ പ്രമുഖർ പറയുന്നു. ജി.എസ്. ടി നിയമത്തിലെ ഇ-വേ ബിൽ പട്ടികയിൽ സ്വർണമില്ല.
ഇ-വേ ബില്ലിനെതിരെ കോടതിയിൽ നിന്ന് സർക്കാരിന് അനുകൂല വിധി കിട്ടാനിടയില്ല. ഇത് കേരളത്തിൽ മാത്രം നടപ്പാക്കാമെന്ന മന്ത്രിതല ഉപസമിതിയുടെ തീരുമാനം ജി.എസ്.ടി നിയമ കമ്മിറ്രിയും അംഗീകരിക്കേണ്ടതുണ്ട്. കേരളത്തിനകത്ത് നിന്ന് ഒരു ഡീലർ മറ്രൊരു ഡീലർക്കോ കസ്റ്രമർക്കോ കൊടുക്കുന്നതിന് മാത്രമേ ഇത് നിർബന്ധമാക്കാൻ കഴിയൂ. കള്ളക്കടത്ത് തടയാനും പറ്റില്ല.
ഇ-വേ ബിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന ചരക്കുകളുടെ നികുതി വെട്ടിപ്പ് തടയാനാണ്. സ്വർണം സാധാരണയായി ആരും ചരക്ക് വാഹനങ്ങളിൽ കൊണ്ടുപോകാറില്ല.
വേണ്ടത് ഇ-ഇൻവോയ്സ്
സ്വർണത്തിന് ജി.എസ്. ടി പോർട്ടലിൽ നിന്ന് ജനറേറ്ര് ചെയ്ത ഇ-ഇൻവോയിസ് നിർബന്ധമാക്കിയാൽ ഒരു ഘട്ടത്തിലും വെട്ടിപ്പ് നടക്കില്ല. ഇതിന് യൂണിക്ക് നമ്പറുണ്ടാകുമെന്നതിനാൽ കൃത്രിമം കാണിക്കാനും പറ്റില്ല.
പ്രത്യേക അതോറിട്ടി വേണം
സ്വർണം പിടിച്ചെടുക്കുന്നത് പോലുള്ള കാര്യങ്ങളിലെ നിയമപരവും സുരക്ഷാപരവുമായ സങ്കീർണതകൾ കൈകാര്യം ചെയ്യാൻ ജി.എസ്.ടി വകുപ്പിന് കീഴിൽ പ്രത്യേക അതോറിട്ടി വേണമെന്ന് അഭിപ്രായവുമുയരുന്നുണ്ട്. ജി.എസ്. ടി ഇന്റലിജൻസ് വിഭാഗത്തെയെങ്കിലും യൂണിഫോം ഉള്ള എൻഫോഴ്സമെന്റ് ഏജൻസിയാക്കി മാറ്രണം.
തെളിയിക്കൽ സർക്കാരിന്റെ ചുമതല
130 ാം വകുപ്പ് അനുസരിച്ച് സ്വർണം കണ്ടുകെട്ടാൻ നിയമ തടസമില്ലെങ്കിലും കള്ളക്കടത്ത് നടത്തുകയായിരുന്നു ലക്ഷ്യമെന്ന് തെളിയിക്കേണ്ട ബാദ്ധ്യത സർക്കാരിനാണ്. 129 ാം വകുപ്പ് പ്രകാരം പിഴയടപ്പിച്ച കേസിലും വ്യക്തമായ തെളിവുണ്ടെങ്കിൽ പിന്നീട് 130ാം വകുപ്പ് പ്രകാരം കണ്ടുകെട്ടാൻ സർക്കാരിന് അധികാരമുണ്ട്.