തിരുവനന്തപുരം: ജനത്തിരക്ക് ഒഴിവാക്കി കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണമെന്ന് വട്ടിയൂർക്കാവ് വില്ലേജ് ഓഫീസർക്ക് എസ്.ഐ നൽകിയ നോട്ടീസ് ആശയക്കുഴപ്പത്തിനിടയാക്കി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ വില്ലേജ് ഓഫീസർക്കെതിരെ നടപടിയെടുക്കുന്ന രീതിയിലുള്ള നോട്ടീസാണ് എസ്.ഐ നൽകിയതെന്ന് റവന്യൂ വകുപ്പിൽ ചർച്ചയായതോടെ കളക്ടർ ഇടപെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് നോട്ടീസ് പിൻവലിക്കാൻ നിർദ്ദേശം നൽകി. സർക്കാർ ഓഫീസുകളിലടക്കം സാമൂഹ്യ അകലം ഉറപ്പാക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷ്‌ണർ ബൽറാംകുമാർ ഉപാദ്ധ്യായ എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസർക്ക് നിർദ്ദേശമെന്ന നിലയിൽ നോട്ടീസ് നൽകിയതെന്നാണ് എസ്.ഐയുടെ വാദം. 149 വകുപ്പ് പ്രകാരമുള്ള മുൻകരുതലിന്റെ ഭാഗമായുള്ള നോട്ടീസാണ് നൽകിയത്. സ്റ്റേഷൻ പരിധിയിലുള്ള പേരൂർക്കട വില്ലേജ് ഓഫീസിലും സമാനമായ രീതിയിൽ നോട്ടീസ് നൽകിയിരുന്നു. എസ്.ഐയുടെ നോട്ടീസ് കിട്ടിയ ഉടനെ വില്ലേജ് ഓഫീസർ ഇത് തഹസീൽദാർക്ക് കൈമാറി. തുടർന്നാണ് റവന്യൂ വകുപ്പിൽ ഇക്കാര്യം ചർച്ചയായത്. പ്രതിഷേധം ശക്തമായതോടെ വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കളക്ടർ കമ്മിഷണറോട് വിശദീകരണം തേടുകയും ആഭ്യന്തര സെക്രട്ടറിയെ ഇക്കാര്യം അറിയിക്കുകയും ചെയ്‌തു. വിവാദം ഒഴിവാക്കാനായി കളക്ടർ നേരിട്ട് പൊലീസ് കമ്മിഷണറോട് നോട്ടീസ് പിൻവലിക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ വട്ടിയൂർക്കാവ് എസ്.ഐ നോട്ടീസ് പിൻവലിക്കുകയായിരുന്നു. നോട്ടീസുകൾ നൽകിയതിനെക്കുറിച്ചും പിൻവലിച്ചതിനെക്കുറിച്ചും കളക്ടറോ പൊലീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.