നെടുമങ്ങാട്: കശുഅണ്ടി വികസന കോർപ്പറേഷന്റെ കീഴിൽ കൊല്ലങ്കാവിലെ കശുഅണ്ടി ഫാക്ടറിൽനിന്ന് സൈറൺ മുഴങ്ങുന്നത് കേൾക്കാൻ കാതോർത്തിരിക്കുകയാണ് ഇവിടെ ജോലി ചെയ്തിരുന്ന നാനൂറോളം തൊഴിലാളികൾ. അധികവും സ്ത്രീകളാണ്. തോടുകളയൽ, തൊലി കളയൽ, തരം തിരിക്കൽ തുടങ്ങിയ ജോലികൾക്ക് പുരുഷന്മാരെ കിട്ടാറില്ല. ഒരു കിലോ തോട് നീക്കിയാൽ 13 രൂപ വരെയാണ് കിട്ടുക. ഒരുദിവസം പരമാവധി തല്ലുന്നത് 20 കിലോ വരെ. ഏറ്റവും കുറഞ്ഞ കൂലി ലഭിക്കുന്നവരാണ് ഇവർ. പിണറായി സർക്കാർ കൂലി 35 ശതമാനം വർദ്ധിപ്പിച്ചിട്ടും ദിവസ വേതനം ശരാശരി 290 രൂപയാണ്. ജീവിതകാലം മുഴുവൻ ജോലി ചെയ്താലും ബാക്കി വരുന്ന സമ്പാദ്യം തകർന്ന ആരോഗ്യം മാത്രമാണെന്ന് കൊല്ലങ്കാവ് ഫാക്ടറിയിൽ നിന്ന് വിരമിച്ച പുലിപ്പാറയിലെ സ്ത്രീ തൊഴിലാളികൾ പറയുന്നു. ആസ്‌മ, അലർജി, കൈകാൽ മുട്ടുവേദന തുടങ്ങിയ രോഗങ്ങൾക്കടിപ്പെട്ടിരിക്കുകയാണ് പലരും. കശുഅണ്ടി തോടിനുള്ളിൽ കാൻസറിനു കാരണമായേക്കാവുന്ന ഒരുതരം എണ്ണ കാണപ്പെടാറുണ്ട്. ഇതിൽനിന്നു രക്ഷനേടാൻ സ്വന്തം ചെലവിൽ കൈയുറകൾ വാങ്ങി ധരിക്കുകയല്ലാതെ വേറെ മാർഗമില്ല. തൊലി കളയൽ ജോലി നഖമോ ചെറിയ കത്തിയോ ഉപയോഗിച്ചാണ് ചെയ്യുക. തോടും തൊലിയും കളയുന്നതിനിടയിൽ ചില പരിപ്പുകൾ പൊട്ടിപ്പോകാറുണ്ട്. ഇതിന്റെ മറവിൽ കൂലി നിഷേധം പതിവാണ്. വിരമിച്ചവർക്ക് ശമ്പള കുടിശികയും പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കാനുണ്ട്. 250 ഓളം പേർ തൊഴിൽ വകുപ്പിന്റെ കാർഡ് ലഭിച്ച അംഗീകൃത തൊഴിലാളികളാണ്. 150 ലേറെപ്പേർ ദിവസക്കൂലിക്കും പണി ചെയ്തിരുന്നു.
തോട്ടണ്ടി ക്ഷാമം രൂക്ഷം
അരനൂറ്റാണ്ട് മുമ്പ് നെടുമങ്ങാട് സ്വദേശി ആരംഭിച്ചതാണ് കൊല്ലങ്കാവിലെ കശുഅണ്ടി ഫാക്ടറി. അക്കാലത്ത് മലയോര പ്രദേശങ്ങളിൽ കശുമാവിൻ തോട്ടങ്ങൾ വ്യാപകമായിരുന്നു. നെടുമങ്ങാട് അസിസ്റ്റന്റ് ലേബർ ഓഫീസിന്റെ കീഴിൽ കൊല്ലങ്കാവ് ഉൾപ്പടെ ഒരു ഡസനോളം ഫാക്ടറികളാണ് പ്രവർത്തിച്ചിരുന്നത്. കശുമാവിൻ തോട്ടങ്ങൾ റബർ പ്ലാന്റേഷന് വഴിമാറിയതോടെ കശുഅണ്ടി ക്ഷാമം കടുത്തു. മുണ്ടേലയിലും കൊല്ലങ്കാവിലുമാണ് ഫാക്ടറികൾ അവശേഷിക്കുന്നത്. കൊല്ലങ്കാവിൽ യന്ത്രസാമഗ്രികളും മറ്റുപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്. ഒരേക്കറോളം വരുന്ന ഫാക്ടറി പരിസരം കാടും പടർപ്പും വിഴുങ്ങി. കൊല്ലം സ്വദേശിയാണ് നിലവിൽ ഫാക്ടറിയുടമ. തോട്ടണ്ടി ക്ഷാമത്തിനു പുറമെ, മുൻകാല പ്രാബല്യത്തോടെ സർക്കാർ ഏർപ്പെടുത്തിയ ശമ്പള വർദ്ധന തിരിച്ചടിയാണെന്ന നിലപാടിലാണ് ബന്ധപ്പെട്ടവർ. ലേബർ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചകൾ അലസിയതോടെ അംഗീകൃത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ലേബർ ട്രൈബ്യുണലിനെ സമീപിച്ചിരിക്കുകയാണ് തൊഴിലാളികൾ.
കൊല്ലങ്കാവ് കശുഅണ്ടി ഫാക്ടറി പ്രവർത്തനം നിലച്ചിട്ട് 6 വർഷം
വഴിയാധാരമായത് 400 ലേറെ തൊഴിലാളികൾ