photo-1

പാലോട് : ഈറച്ചീളുകളിൽ കരകൗശല വസ്‌തുക്കൾ വിരിയിച്ച് അച്ഛനും അമ്മയ്ക്കും കൈത്താങ്ങാവുന്ന ദേവികയ്ക്കും ദേവുവിനും സഹായവുമായി ഇറ്റലിയിൽ നിന്നും സാമൂഹ്യ പ്രവർത്തകനായ ഷൈജു കൈതാരം. എല്ലാ മാസവും 5000 രൂപ ഇവർ പഠിക്കുന്ന ഇക്ബാൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസിന്റെയും ദേവികയുടെ അമ്മയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കും. അച്ഛൻ വിനോദിനും അമ്മ രചിത്രയ്ക്കുമൊപ്പം കഴിയുന്ന എട്ടാം ക്ലാസുകാരി ദേവികയുടെയും ആറാം ക്ലാസുകാരി ദേവുവിന്റെയും കഥ '' ജീവിതത്തോട് പടവെട്ടുന്ന ദേവികയും ദേവുവും'' എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഷൈജു സഹായവുമായെത്തിയത്. പത്താം ക്ലാസിൽ പഠനം നിറുത്തി റോഡുപണിക്ക് പോകുന്ന ദേവികയുടെ മൂത്ത സഹോദരൻ മിഥുൻ രാജിന് ഐ.ടി.ഐയിൽ പഠിക്കുന്നതിനുള്ള എല്ലാ ചെലവും ഏറ്റെടുക്കുന്നതോടൊപ്പം ഷൈജു കൈതാരത്തിന്റെ നേതൃത്വത്തിൽ വിദേശത്ത് പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്‌തിട്ടുണ്ട്. പെരിങ്ങമ്മല ഇക്ബാൽ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനായി കമ്പ്യൂട്ടറും നൽകും. ദേവികയുടെ അമ്മ രചിത്രയെയും ഇക്ബാൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസിനെയും അദ്ദേഹം ഫോണിലൂടെ ഇക്കാര്യം അറിയിച്ചു. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ അനുവദിച്ച തുക 6 ലക്ഷം രൂപയിൽ രണ്ടു ഗഡുതുക പെരിങ്ങമ്മല ഇലഞ്ചിയം ആദിവാസി ഊരിലെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തിച്ചുനൽകി.