markkattmutta
കാടുപിടിച്ച് കിടക്കുന്ന മുട്ടപ്പലം മാർക്കറ്റ്

മുടപുരം: ദിവസവും നൂറുകണക്കിനാളുകൾ എത്തിച്ചേരുന്ന മുട്ടപ്പലം പബ്ളിക് മാർക്കറ്ര് കാടുമൂടിയത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ വലയ്ക്കുന്നു. 50 സെന്റിൽ പ്രവർത്തിക്കുന്ന ചന്തയുടെ സിംഹഭാഗവും കാടുമൂടിക്കഴിഞ്ഞു. പുല്ലും ചെടികളും ചെറുമരങ്ങളുമൊക്കെ ഇതിൽ ഉൾപ്പെടും. കാട് വെട്ടിവെടിപ്പാക്കണമെന്ന് നിരന്തരമായി ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും നടപടികൾ മാത്രം ഇനിയും അകലെയാണ്. കാടുമൂടിയതിനാൽ നിന്ന് തിരിയാൻ സൗകര്യമില്ലാത്ത മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണ്.

നേരത്തെ നിർമ്മിച്ച കെട്ടിടങ്ങളും സ്റ്റാളുകളും ജീർണാവസ്ഥയിലാണ്. ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റാൾ തകർന്ന നിലയിലാണ്. മാർക്കറ്റിൽ നിർമ്മിച്ചിട്ടുള്ള രണ്ടു കെട്ടിടങ്ങളും പുതുക്കി പണിയണമെന്ന ആവശ്യവും പരിഹരിക്കപ്പെട്ടിട്ടില്ല. 60 വർഷം മുമ്പ് നാലു മുറികളോട് കൂടി നിർമ്മിച്ച ആദ്യ കെട്ടിടം ജീർണാവസ്ഥയിലായതിനാൽ കച്ചവടം ചെയ്യാൻ സാധിക്കാത്ത നിലയാണ്. ആറ് മുറികളോട് കൂടിയ മറ്റൊരു കെട്ടിടം 2004ൽ നിർമ്മിച്ചെങ്കിലും മേൽക്കൂരയുടെ എയർഹോൾ വഴി മഴ വെള്ളം കയറുന്നത് വില്ലനാകുന്നു. ഒരു ലക്ഷത്തിലേറെ രൂപ വാടക ഇനത്തിൽ ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്നുണ്ടെങ്കിലും കച്ചവടം നടത്താൻ സ്ഥലമില്ലാത്തതിനാൽ മാർക്കറ്റ് ലേലത്തിൽ പിടിച്ചയാൾക്കും നഷ്ടമാണുണ്ടാകുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് മാർക്കറ്റ് ആധുനിക രീതിയിൽ പുതുക്കിപ്പണിയാൻ നടപടിയുണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

കച്ചവടക്കാരുടെ ആവശ്യങ്ങൾ

01. ആദ്യം നിർമ്മിച്ച കെട്ടിടം പുതുക്കിപ്പണിയണം

02. ഇല്ലെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കണം

03. രണ്ടാം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണം

04. പുതിയ സ്റ്രാളുകളും നിർമ്മിക്കണം

05. മാലിന്യ നിർമ്മാർജനത്തിന് സംവിധാനം വേണം

.......................................

മുട്ടപ്പലം മാർക്കറ്റിൽ എത്തുന്ന കച്ചവടക്കാരുടെയും ജനങ്ങളുടെയും ബുദ്ധിമുട്ട് പരിഹരിക്കണം. ഇതിനായി മാർക്കറ്രിനകം ഉടൻ വൃത്തിയാക്കണം,

എസ്.വി. അനിലാൽ, സെക്രട്ടറി,സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റി