photo-1

പാലോട്: പ്രതിസന്ധികളോട് പോരാടി നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ കർഷകർ വിളവെടുപ്പിന് സജ്ജമാക്കിയ പച്ചക്കറികൾ ഓണവിപണിയിലെത്തും. അമ്പത് ഹെക്ടറിലേറെ സ്ഥലത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയിൽ അമ്പത് ടണ്ണിലേറെ വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നത്. പാവൽ, പടവലം, വെള്ളരി, ചീര, വെണ്ട, മുളക്, തക്കാളി, വഴുതന, കത്തിരി തുടങ്ങിയവ കൃഷി ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാത്തതിന്റെ ആശ്വാസത്തിലാണ് കർഷകർ. സർക്കാരിന്റെ ഒരു മുറം പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൃഷി ചെയ്യുന്നുണ്ട്. നന്ദിയോട്ട് പ്രവർത്തിക്കുന്ന ജൈവ കാർഷിക ചന്തയാണ് ഇവരുടെ പ്രധാന വിപണി. ഇവിടെ കർഷകർക്ക് മികച്ച വിലയും ലഭിക്കും. കർഷകർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകാനും ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കാനും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.