photo-2

വിതുര: നാട്ടിൽ ഇറങ്ങി കൃഷി നാശിപ്പിക്കുന്ന പന്നികളെ വെടിവച്ച് കൊല്ലാൻ വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതിക്ക് തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ തുടക്കം കുറിച്ചു. വിതുര പഞ്ചായത്ത്‌ ജനജാഗ്രത സമിതി കൂടി പന്നി ശല്യം കൂടുതലുള്ള മേഖലകളിലെ ലിസ്റ്റ് പാലോട് ആർ.ഒയ്ക്ക് കൈമാറിയിരുന്നു. തുടർന്ന് ലിസ്റ്റ് ഡി.എഫ്.ഒയ്ക്ക് നൽകി. കഴിഞ്ഞ ആഴ്ച പന്നികളെ കൊല്ലുവാനുള്ള അനുമതി പഞ്ചായത്തിനും പാലോട് ആർ.ഒയ്ക്കും ലഭിച്ചു. ഗവൺമെന്റ് നിബന്ധനകൾ പാലിച്ചു പഞ്ചായത്തിൽ തോക്ക് ലൈസൻസ് ഉള്ള നാല് പേരെ പന്നികളെ കൊല്ലാനായി നിയമിച്ചു. ഇവർ പന്നികളെകൊല്ലുവാൻ ഇറങ്ങുമ്പോൾ വനപാലകരും ഒപ്പമുണ്ടാകും. ആദ്യ ഘട്ടത്തിൽ കരുത്തരായ ഒറ്റയാൻ പന്നികളെയാണ് വെടിവച്ച് കൊല്ലുന്നത്. വിതുര പഞ്ചായത്തിൽ പകൽ പോലും പന്നി ശല്യം രൂക്ഷമാണ്. മാത്രമല്ല പന്നിയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെടുകയും അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പന്നി ശല്യം വർദ്ധിച്ചതു മൂലം കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശവും പന്നികൾ വിതച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത്‌ അടിയന്തരമായി വനംവകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് അനുമതി നേടിയത്.

രണ്ട് പന്നികളെ കൊന്നു

വിതുരയിൽ കൂടുതൽ പന്നി ശല്യമുള്ള മേഖലയിൽ ഷൂട്ടിംഗ് സ്ക്വാഡ് തെരച്ചിൽ നടത്തുകയും രണ്ട് ഒറ്റയാൻ പന്നികളെ വെടി വച്ച് കൊല്ലുകയും ചെയ്തു. കൊപ്പം, പൊന്നാംചുണ്ട് പ്രദേശത്ത്‌ കൃഷി നശിപ്പിക്കാനിറങ്ങിയ പന്നികളെയാണ് കൊന്നത്. ഇതിനിടയിൽ നാല് കുട്ടിപന്നികൾ എത്തിയെങ്കിലും അവയെ വെറുതെ വിട്ടു. പന്നി ശല്യം കൂടിയ മറ്റു പ്രദേശങ്ങളിലും ഇവർ വെടിവയ്ക്കാനായി ഇറങ്ങുന്നുണ്ട്. വിതുരക്ക് പുറമേ പുല്ലമ്പാറ പഞ്ചായത്തിനും പന്നികളെ വെടിവയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.