തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം പാരമ്യത്തിലേക്ക്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 361 ആയി. ഇന്നലെ 298 പേരെ പരിശോധിച്ചതിൽ 145 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെയാണ് ഇത്രയും പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. അതേസമയം ഇന്നലെ കൊവിഡ് ബാധിച്ച് തടവുകാരൻ മരിച്ചു. സെൻട്രൽ ജയിലിൽ ആദ്യമായി രോഗം സ്ഥീകരിച്ച കിളിമാനൂർ പുലിപ്പള്ളിക്കോണം ഉഴുന്നുവിള വീട്ടിൽ മണികണ്ഠനാണ് (72) മരിച്ചത്. രോഗബാധയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലുവർഷമായി ഇദ്ദേഹം തടവിൽ കഴിയുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് തടവുകാരൻ കൊവിഡ് ബാധിച്ചു മരിക്കുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ദിവസങ്ങൾക്ക് മുമ്പ് മണികണ്ഠനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ സെൻട്രൽ ജയിലിലെ തടവുകാർക്ക് പരിശോധന ആരംഭിച്ചിരുന്നു. മണികണ്ഠന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. സംസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപടിക്രമങ്ങൾ പാലിച്ച് പിന്നീട് തീരുമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ജീവനക്കാർക്ക് പരിശോധന കുറവ്
ജയിലിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടെ ജീവനക്കാരും കടുത്ത ഭീതിയിലാണ്. രോഗം ബാധിച്ച തടവുകാരുമായി ദിവസങ്ങളോളം നേരിട്ട് സമ്പർക്കം പുലർത്തിയ ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. തടവുകാരിൽ രോഗബാധ കണ്ടെത്തിയപ്പോൾ തന്നെ ജീവനക്കാർക്ക് സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ഒന്നും നടപ്പായില്ല. ജീവനക്കാരിൽ ഭൂരിപക്ഷവും സ്വന്തമായി പരിശോധന നടത്തുകയാണ്. ഇവർക്കായി ആന്റിജൻ കിറ്റുകൾ ലഭ്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. തടവുകാരുമായി ഇടപഴകിയ ജീവനക്കാരെ ക്വാറന്റൈൻ ചെയ്യാതെ ജോലിക്ക് നിയോഗിക്കുന്നതായും പരാതിയുണ്ട്. രോഗം ബാധിക്കുന്ന തടവുകാരെ മാറ്റി പാർപ്പിക്കുന്നതും ഇവരുടെ എണ്ണമെടുക്കുന്നതും ജീവനക്കാരാണ്. ഇതിനിടെ ഇന്നലെ ഒരു ജീവനക്കാരനുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം ഉണ്ടാകുന്നതിന് മുമ്പ് ജയിലിൽ ഒരു അദാലത്തും സംഘടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. ഇതിൽ തടവുകാരും ജീവനക്കാരും പങ്കെടുത്തിരുന്നു. ജയിൽ മുഴുവനായി ഇപ്പോൾ ക്വാറന്റെെൻ ചെയ്‌തിട്ടുണ്ട്. അടുത്ത പത്തുദിവസം ജയിലിൽ നിർണായകമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൂടുതൽ ജീവനക്കാർക്ക് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചാൽ ഇവരെ എവിടെ പാർപ്പിക്കുമെന്ന കാര്യത്തിൽ അധികൃതർക്ക് ഇതുവരെ വ്യക്തതയില്ല. സുരക്ഷയുടെ കാര്യത്തിലും പ്രതിസന്ധിയുണ്ടാകും.
ഭൂരിപക്ഷത്തിനും രോഗ ലക്ഷണമില്ല
രോഗം സ്ഥിരീകരിക്കുന്ന ഭൂരിപക്ഷം പേർക്കും ലക്ഷണമില്ലാത്തത് കടുത്ത ആശങ്ക ഉയർത്തുന്നു. ഇവരെ ജയിലിൽ തന്നെ പ്രത്യേക ബ്ലോക്കുകളിൽ പാർപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഇവരെ പാർപ്പിക്കാൻ നിലവിൽ മതിയായ സംവിധാനമില്ലെന്നും ആക്ഷേപമുണ്ട്.