കൊച്ചി: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഓൺലൈൻ അപേക്ഷാ സമർപ്പണത്തിൽ നിലനിൽക്കുന്ന അപാകതകൾ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. അപേക്ഷാ സമർപ്പണ സമയത്ത് ഫോൺ നമ്പർ തെറ്റായി നൽകിയ നിരവധി വിദ്യാർത്ഥികൾക്ക് അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ നടത്താൻ സാധിക്കുന്നില്ല. അപേക്ഷാ വിവരങ്ങൾ വൺ ടൈം പാസ് വേഡ് നൽകി പരിശോധിക്കുന്നതിനുള്ള സംവിധാനം കഴിഞ്ഞ ദിവസമാണ് ലഭ്യമായത്. അപേക്ഷയിൽ തെറ്റായി നൽകിയ ഫോൺ നമ്പർ തിരുത്തുന്നതിന് നിലവിൽ സൗകര്യം നൽകാത്തത് വിദ്യാർത്ഥികളെ വലയ്ക്കുന്നു. അപേക്ഷാ സമർപ്പണ സമയത്തു തന്നെ വിദ്യാർത്ഥികൾ നൽകിയ ഫോൺ നമ്പർ ഉറപ്പു വരുത്താൻ ഒ.ടി.പി സംവിധാനം നൽകിയിരുന്നെങ്കിൽ നിലവിലെ സാഹചര്യം ഒഴിവാക്കാനാവുമായിരുന്നു എന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് പറഞ്ഞു.സർട്ടിഫിക്കറ്റുകളുടെ നമ്പറുകൾ ചേർക്കുന്ന കാര്യങ്ങളിലും ആശയക്കുഴപ്പമുണ്ടായിരുന്നു.പിന്നാക്ക- മലയോര പ്രദേശങ്ങളിലേതടക്കം പല വിദ്യാർത്ഥികളുടെയും അപേക്ഷകളിൽ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശ്നങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുന്ന ഹയർ സെക്കൻഡറി ഐ.സി.ടി വിഭാഗത്തിന്റെ നടപടി നിഷേധാത്മകമാണ്. ഒന്നാം ഘട്ട അപേക്ഷ സമർപ്പിച്ച മുഴുവൻ വിദ്യാർത്ഥികളും കാൻഡിഡേറ്റ് ലോഗിൻ വഴി അപേക്ഷ ഫൈനൽ കൺഫർമേഷൻ നടത്തണമെന്ന കാര്യം പല വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിട്ടില്ല. എല്ലാ വിദ്യാർത്ഥികളുടെയും അപേക്ഷകൾ അലോട്ട്മെന്റിന് പരിഗണിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കളായ ആർ രാജീവൻ , അനിൽ എം ജോർജ് , എം സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു