കോവളം: വിഴിഞ്ഞത്ത് കൊവിഡ് നിയന്ത്രണങ്ങളിൽപ്പെട്ട് അടഞ്ഞുകിടന്ന ഐസ് ഫാക്ടറികൾക്ക് ഡിമാന്റ് ചാർജ് എന്ന പേരിൽ രണ്ട് മാസത്തേക്ക് രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ ബില്ല് വൈദ്യുതി ബോർഡ് നൽകിയതോടെ ഉടമകൾ പ്രതിസന്ധിയിലായി. കടലിലെ മത്സ്യലഭ്യതയുടെ കുറവുകാരണം നേരത്തേ തന്നെ പ്രതിസന്ധിയിലായ ഐസ് ഫാക്ടറികൾക്ക് കഴിഞ്ഞ ലോക്ക് ഡൗണിലാണ് കുരുക്കായത്.
ഇപ്പോൾ തുരുമ്പെടുത്ത ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കിയെടുക്കാൻ ലക്ഷങ്ങൾ വേണം. ഈ അവസ്ഥയിൽ ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്നതും ഉടമകളെ വലയ്ക്കുന്നു. അറ്റകുറ്റപ്പണികൾക്ക് പോലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു സഹായവുമുണ്ടാകുന്നില്ലെന്ന് മാത്രമല്ല വൈദ്യുത ചാർജിന്റെ രൂപത്തിൽ ഇലക്ട്രിസിറ്റി ബോർഡിന്റെ വക ഇരുട്ടടിയാണ് വന്നിരിക്കുന്നത്. സാധാരണഗതിയിൽ ട്രോളിംഗ് നിരോധനം തുടങ്ങുന്നതോടെ ആരംഭിക്കുന്ന വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ രണ്ട് മാസത്തെ സീസൺ കച്ചവടത്തിലാണ് വിഴിഞ്ഞം തീരദേശത്ത് പല ഐസ് ഫാക്ടറികളും കഷ്ടിച്ച് നിലനിന്ന് പോന്നിരുന്നത്. ഇത്തവണ കൊവിഡ് കാരണം മത്സ്യബന്ധനം അവതാളത്തിലായതോടെ കച്ചവടം നടന്നില്ല. പരമ്പരാഗതമായി ഈ മേഖലയിൽ തുടരുന്നവരായതിനാലാണ് ബുദ്ധിമുട്ടിയാണെങ്കിലും പലരും ഈ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് നിലവിലെ ഉടമകൾ പറയുന്നു.