independence-day

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങോടെ സംസ്ഥാനം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

വിവിധ ജില്ലകളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും നേതൃത്വം നൽകി. മുഖ്യമന്ത്രി കൊവിഡ് നിരീക്ഷണത്തിലായതിനാൽ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തി.

സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിൽ കണ്ട് ആദരം അറിയിച്ചു.

കൊല്ലത്ത് വനം മന്ത്രി കെ. രാജു, പത്തനംതിട്ടയിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ, ആലപ്പുഴയിൽ മന്ത്രി തോമസ് ഐസക്, ഇടുക്കിയിൽ മന്ത്രി എം.എം. മണി, കാസർകോട് മന്ത്രി ഇ. ചന്ദ്രശേഖരൻ, പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടി, കോട്ടയത്ത് മന്ത്രി പി. തിലോത്തമൻ എന്നിവർ പതാക ഉയർത്തി. എറണാകുളത്ത് കളക്ടർ എസ്. സുഹാസാണ് സ്വാതന്ത്രദിന പരിപാടികൾക്ക് നേതൃത്വം നൽകിയത്. തൃശൂരിൽ കളക്ടർ എസ്. ഷാനവാസ്, വയനാട്ടിൽ കളക്ടർ അദീല അബ്ദുള്ള, മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടർ ഒ. ഹംസ, കോഴിക്കോട് എ.ഡി.എം റോഷ്‌നി നാരായണൻ എന്നിവർ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.

പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനമുണ്ടായിരുന്നില്ല.