തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെ ജില്ലയിൽ സ്വതന്ത്ര്യദിനം ആഘോഷിച്ചു. സെൻട്രൽ സ്‌റ്റേഡിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ശംഖുംമുഖം എ.സി.പി ഐശ്വര്യ ദോംഗ്രെയായിരുന്നു പരേഡ് കമാൻഡർ. സ്‌പെഷ്യൽ ആംഡ് പൊലീസ് അസിസ്റ്റന്റ് കമാൻഡന്റ് വൈ. ഷമീർഖാൻ ആയിരുന്നു സെക്കൻഡ് ഇൻ കമാൻഡ്. കൊവിഡ് പശ്ചാത്തലത്തിൽ മാർച്ച് പാസ്റ്റ് ഒഴിവാക്കി ചടങ്ങ് 10 മിനിട്ടിൽ അവസാനിപ്പിച്ചു. ബി.എസ്.എഫ്, സ്‌പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ആംഡ് വിമെൻ പൊലീസ് ബറ്റാലിയൻ, എൻ.സി.സി സീനിയർ ഡിവിഷൻ ആർമി, എൻ.സി.സി സീനിയർ വിംഗ് ആർമി എന്നിവരുടെ ഓരോ പ്ലാറ്റൂണുകൾ പങ്കെടുത്തു. വ്യോമസേനയുടെ ഹെലികോപ്ടർ പുഷ്പവൃഷ്ടി നടത്തി. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, ജനപ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ എ.ഡി.എം വി.ആർ. വിനോദ് പതാക ഉയർത്തി. നെടുമങ്ങാട് ആർ.ഡി.ഒ വി. ജയമോഹൻ, കളക്ടറേറ്റ് ജിവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാജ്ഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ദേശീയ പതാക ഉയർത്തി. പി.എസ്.സി. ആസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ചെയർമാൻ എം. കെ. സക്കീറും കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻപിള്ളയും ദേശീയ പതാക ഉയർത്തി. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമച‌ന്ദ്രൻ പതാക ഉയർത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒ. രാജഗോപാൽ എം.എൽ.എ പതാക ഉയർത്തി. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലും പതാക ഉയർത്തി.