covid

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം സെപ്തംബർ ആദ്യ വാരത്തോടെ അയ്യായിരത്തിലെത്തിലേക്ക് അടുക്കുമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ് .

നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ രണ്ടാഴ്ച കൊണ്ട് ഇരട്ടി കവിയുന്നതോടൊപ്പം പരിശോധനകളും വർദ്ധിക്കുന്നതാണ് രോഗബാധയിൽ കുത്തനെ വർദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രോഗവ്യാപനം അപ്പോഴേക്കും നിയന്ത്രണ വിധേയമായില്ലെങ്കിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞത് പോലെ പ്രതിദിന രോഗികൾ10000 കടക്കും.. ഇന്നലെ 1530 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വരുന്ന രണ്ടാഴ്ചയിലെ പ്രതിരോധ പ്രവർത്തനങ്ങൾ നിർണായകമാണ്. പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ജലദോഷ പനിക്കും

ആന്റിജൻ

ജലദോഷ പനിയുമായി എത്തുന്നവരെയും ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം . ലക്ഷണങ്ങൾ കണ്ട് തുടങ്ങി അഞ്ചാമത്തെ ദിവസം ഇത് നടത്തും. കടുത്ത ശ്വാസകോശ രോഗമുള്ളവരെ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കും.ഇത്തരത്തിൽ പരിശോധന നടത്തിയാൽ കേസുകളുടെ എണ്ണം വർദ്ധിക്കുമെന്ന് ആരോഗ്യവിദ്ധർ ഉറപ്പിക്കുന്നു. രോഗലക്ഷണങ്ങളുണ്ടെന്ന് സംശയം തോന്നുന്നവർക്ക് സ്വകാര്യ ലാബുകളിലെത്തിയും പരിശോധനയ്ക്ക് വിധേയമാകാം. ഇതിന് ഡോക്ടറുടെ കുറുപ്പടി വേണ്ട.

കൂടുതൽ

പരിശോധന

കണ്ടൈയിൻമെൻറ് സോണുകളിൽ നിന്ന് ആശുപത്രികളിലെത്തുവർക്ക് ലക്ഷണങ്ങളില്ലെങ്കിലും ആന്റിജൻ പരിശോധന.

യാത്രാ ചരിത്രമുള്ളവർക്ക് രോഗ ലക്ഷണങ്ങളുണ്ടായാൽ പി.സി.ആർ പരിശോധന.

ആരോഗ്യപ്രവർത്തകർക്കും പൊലീസിനും രോഗലക്ഷണം കണ്ടാൽ പിസിആർ ടെസ്റ്റ്.

തടവുപുള്ളികളിൽ ആന്റിജൻ പരിശോധന .

കൊവിഡ് ഭേദമായവരിൽ വീണ്ടും ലക്ഷണങ്ങൾ കണ്ടാൽ പി.സി.ആർ പരിശോധന.

'ഓരോ ജില്ലയിലെയും സാഹചര്യം മനസിലാക്കിയാണ് പരിശോധന വർദ്ധിപ്പിക്കുന്നത്. നേരിട്ട് ലാബുകളിലെത്തിയും പരിശോധിക്കം. മരണസംഖ്യ കുറയ്ക്കുകയാണ് ലക്ഷ്യം.'

-ഡോ.രാജൻ.എൻ.ഖോബ്രഗഡേ

ആരോഗ്യവകുപ്പ് സെക്രട്ടറി