വെമ്പായം :കൊഞ്ചിറയിലെ നെൽപ്പാടങ്ങൾക്ക് ഉണർവേകി കർഷകമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം.വയൽ നികത്തൽ വ്യാപകമായ വെമ്പായം പഞ്ചായത്തിലെ കൊഞ്ചിറയിൽ കർഷക മോർച്ച പഞ്ചായത്ത് സമിതിയംഗം കൊഞ്ചിറ സജിത്തും അച്ഛൻ ശശിധരൻ നായരും നടത്തിയ രണ്ടേക്കറോളം നെൽകൃഷിയാണ് നൂറുമേനി കൊയ്ത്തിലൂടെ വാർത്തയായത്.സ്വന്തമായി രണ്ടു വയലുള്ള സജിത്തും അച്ഛനും മൂന്ന് വയലുകളിൽ പാട്ടക്കൃഷിയും നടത്തി വരികയാണ്.സമീപ പ്രദേശങ്ങളിലെ വയൽ നികത്തലിൽ പ്രതിഷേധിച്ച് കർഷക മോർച്ച പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കൂടുതൽ വയലുകൾ ഏറ്റെടുത്ത് കൃഷിയിറക്കുമെന്ന് കർഷകമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് മുല്ലശേരി ദേവകുമാർ പറഞ്ഞു.ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ട്രഷറർ ജെ.ആർ പത്മകുമാർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മുല്ലശേരി ദേവകുമാർ,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രശാന്ത് ആലപ്പുറം,വൈസ് പ്രസിഡന്റ് രാജേന്ദ്രൻ,കർഷകമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറി ജയകുമാർ,സജി,കൊഞ്ചിറ സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.