മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 152 പേർ രണ്ടു ദിവസങ്ങളിലായി കൊവിഡ് മുക്തരായെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിലെ 70 പേർ കടയ്ക്കാവൂർ ശ്രീ നാരായണ വിലാസം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചികിത്സാ കേന്ദ്രത്തിൽ നിന്നും രണ്ടു ദിവസങ്ങളിലായി 31 പേർ നെടുംങ്ങണ്ട ചികിത്സാകേന്ദ്രത്തിൽ നിന്നും അകത്തുമുറി എസ്.ആർ.മെഡിക്കൽ കോളേജിൽ നിന്ന് 9 പേരും വക്കത്തുനിന്ന് 34 പേരും ശ്രീകാര്യം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്ന് 9 പേരും ഉൾപ്പെടെ 152 പേരാണ് രോഗമുക്തരായത്.ഇതിൽ ഒരാൾ കിഴുവിലം സ്വദേശിയാണ്. കടയ്ക്കാവൂരിൽ നിന്നു ആദ്യമായി രോഗമുക്തരായി പുറത്തിറങ്ങിയവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ഷൈലജാബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ്ംഗ് കമ്മറ്റി ചെയർമാൻ കെ. തൃദീപ് കുമാർ തുടങ്ങിയവർ ചേർന്ന് , പൂക്കളും മധുരങ്ങളും കരഘോഷങ്ങളും നൽകി യാത്രയാക്കി. താലൂക്കാശുപത്രിയിൽ 13 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ 3 പേർക്ക് രോഗമുള്ളതായി കണ്ടെത്തി. താലൂക്കാശുപത്രിയിലും അഞ്ചുതെങ്ങ് മാമ്പള്ളിയിലും തിങ്കളാഴ്ച പരിശോധന ഉണ്ടാകും.