പുനലൂർ: തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കട്ടിളപ്പാറ ഉൾവനത്തിൽ രണ്ടുമാസം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കല്ലുവരമ്പ് ഫോറസ്റ്റ് സെക്ഷനിൽ ഡ്യൂട്ടിക്കെത്തിയ വനപാലക സംഘമാണ് തലയോട്ടിയും സമീപത്ത് മറ്റ് അവിശിഷ്ടങ്ങളും വസ്ത്രവും കണ്ടെത്തിയത്. കുളത്തൂപ്പുഴയിലെ കല്ലുവെട്ടാംകുഴി സ്വദേശിയായ വാസുവിന്റെ (65) വസ്ത്രങ്ങളാണെന്ന് സംശയിക്കുന്നതായി വനപാലകർ പറഞ്ഞു. രണ്ടുമാസം മുമ്പ് ഇയാളെ കാണാതായിരുന്നു. വനപാലകർ കുളത്തൂപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ മരത്തിൽ തൂങ്ങിയ കൈലിമുണ്ടും ഷർട്ടും മറ്റ് തുണികളും തലയോട്ടിക്ക് സമീപത്ത് നിന്ന് കണ്ടെത്തി. അഴുകി തറയിൽ വീണ മൃതദേഹത്തിന്റെ ഭാഗങ്ങൾ വന്യമൃഗങ്ങൾ ഭക്ഷിച്ചുകാണുമെന്നും പൊലീസ് സംശയിക്കുന്നു. അസ്ഥികൾ 50 മീറ്റർ ദൂരത്ത് ചിതറിക്കിടപ്പുണ്ട്. രണ്ടുമാസം മുമ്പ് കല്ലുവെട്ടാംകുഴി സ്വദേശിയായ വാസുവിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ കുളത്തൂപ്പഴ പൊലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളെ സംഭവ സ്ഥലത്തെത്തിച്ച പൊലീസ് തലയോട്ടിക്ക് സമീപത്ത് കിടന്ന കൈലിമുണ്ടും ഷർട്ടും വാസുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡി.എൻ.എ പരിശോധനാ ഫലം ലഭിച്ചാലേ പൂർണവിവരം മനസിലാക്കാൻ കഴിയൂ.