കരടു നിയമത്തിലെ കേന്ദ്ര വ്യവസ്ഥ കേരളം അംഗീകരിച്ചു
തിരുവനന്തപുരം: വൈദ്യുതി മുടങ്ങിയാൽ നഷ്ടപരിഹാരം ഉൾപ്പെടെ മുഴുവൻ സമയവും തടസ്സമില്ലാതെ വൈദ്യുതി കിട്ടുകയെന്നത് ഉപഭോക്താവിന്റെ അവകാശമാക്കുന്ന കേന്ദ്രസർക്കാരിന്റെ കരട് താരിഫ് നിയമത്തിലെ വ്യവസ്ഥ അംഗീകരിച്ച് സംസ്ഥാന സർക്കാർ. കരട് നിയമം സംബന്ധിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് നൽകിയ മറുപടിയിലാണ് ഉപഭോക്താവിന്റെ അവകാശങ്ങളോട് യോജിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചത്.
അറിയിച്ച സമയത്തിനു ശേഷവും വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിലും ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് നിർദ്ദിഷ്ട കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരമായി നിശ്ചയിക്കപ്പെടുന്ന തുക അടുത്ത ബില്ലിൽ കുറയ്ക്കുന്നതാണ് രീതി. അതേസമയം കേന്ദ്രനിയമം നിലവിൽ വരും മുമ്പുതന്നെ, തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ സംസ്ഥാന വൈദ്യുതി വകുപ്പ് കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വൈദ്യുത വിതരണ കമ്പനികൾ, വൈദ്യുതി ബോർഡുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവരുടെ ചുമതലകളും പുതിയ കേന്ദ്ര നിയമത്തിൽ നിർവചിക്കും. തമിഴ്നാട്ടിലെ തിരുപ്പൂരിലെ പുകലൂർ നിലയത്തിൽ നിന്ന് 2000 മെഗാവാട്ട് വൈദ്യുതി തൃശൂർ മാടക്കത്തറയിൽ എത്തിക്കുന്ന പദ്ധതി അടുത്ത മാസം പൂർത്തിയാകുന്നതോടെ പവർകട്ടില്ലാത്ത കേരളം എന്ന നേട്ടം കൈവരിക്കാനാകുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ. നിശ്ചിത ശതമാനം പുനരുപയോഗ ഊർജ്ജം ഓരോ സംസ്ഥാനവും ഉത്പാദിപ്പിക്കണമെന്ന വ്യവസ്ഥ മാറ്റണമെന്നത് ഉൾപ്പെടെ ചില വിയോജിപ്പുകളും കേരളം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ
അധികാരം കുറയും
റഗുലേറ്ററി കമ്മിഷനെ നിയമിക്കുന്ന മൂന്നംഗ കമ്മിറ്റിയുടെ ചെയർമാൻ നിലവിലെ നിയമപ്രകാരം സർക്കാർ നിശ്ചയിക്കുന്ന റിട്ട. ഹൈക്കോടതി ജഡ്ജിയാണ്. പുതിയ നിയമമനുസരിച്ച് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയാകും. കമ്മിറ്റിയിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയുമുണ്ടാകും.
ഒരു സംസ്ഥാനത്ത് റഗുലേറ്ററി കമ്മിഷൻ ഇല്ലെങ്കിൽ അടുത്ത സംസ്ഥാനത്തെ റഗുലേറ്ററി കമ്മിഷൻ തീരുമാനമെടുക്കും
ക്രോസ് സബ്സിഡി പോലുള്ള ആനുകൂല്യം തുടരാനാവില്ല. സംസ്ഥാനത്തിന്റെ ആനുകൂല്യം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നൽകണം.
സപ്ളൈകോ റേഷൻ കടകൾ തുറക്കും
കോവളം സതീഷ്‌കുമാർ
കടയടപ്പ് സമരക്കാർക്ക് പ്രഹരം തിരുവനന്തപുരം: റേഷൻ കടയടപ്പ് സമരഭീഷണി നേരിടാൻ സംസ്ഥാന വ്യാപകമായി സപ്ലൈകോ റേഷൻ കടകൾ തുറക്കാൻ സിവിൽ സപ്ളൈസ് വകുപ്പ് തീരുമാനിച്ചു. ഇത്തരം ആദ്യ റേഷൻ കട തിരുവനന്തപുരത്ത് അടുത്തമാസം ആദ്യം തുറക്കും. ഇതിനായി സപ്ലൈകോയ്‌ക്ക് ലൈസൻസ് നൽകും. കാർഡ് ഉടമകളുടെ താത്പര്യം സംരക്ഷിച്ച് റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.നിലവിൽ റേഷൻകടകളുടെ ലൈസൻസികൾ സ്വകാര്യ വ്യക്തികളാണ്. സംസ്ഥാനത്ത് സപ്ലൈകോയ്‌ക്ക് മാവേലിസ്റ്റോറുകൾ ഉൾപ്പെടെ 660 ഔട്ട്ലെറ്റുകളുണ്ട്. പുതിയ 22 എണ്ണം തുറക്കുന്നുമുണ്ട്. ഇവയോടു ചേർന്നും സ്വതന്ത്രമായും റേഷൻ കടകൾ തുറക്കാനാണ് തീരുമാനം. പുതിയ റേഷൻ കടകളിൽ ഒരാൾക്കു വീതം ജോലിയും ലഭിക്കും. സാങ്കേതിക തകരാറു മൂലം ഇ- പോസ് മെഷീൻ മന്ദഗതിയിലായാൽ സർവത്ര കുഴപ്പമെന്നു പ്രചരിപ്പിച്ച് റേഷൻ കടകൾ അടച്ചിട്ടുള്ള സമരത്തിന് കടയുടമകളുടെ ചില സംഘടനകൾ തീരുമാനിച്ച സാഹചര്യത്തിലാണ് നേരത്തെ ആലോചനയിലുള്ള പദ്ധതി പെട്ടെന്ന് നടപ്പാക്കുന്നത്. പോർട്ടബിലിറ്റി സൗകര്യമുള്ളതിനാൽ ഏതു റേഷൻകടയിൽ നിന്നും റേഷൻ വാങ്ങാം. സപ്ളൈകോയ്‌ക്ക് കാർഡുടമകളുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കേണ്ട. സമരത്തിന്റെ പേരിൽ ഉടമ റേഷൻ കടയടച്ചിട്ടാൽ അവിടത്തെ കാർഡുടമകളുടെ ലിസ്റ്റ് തൊട്ടടുത്തുള്ള സപ്ളൈകോ റേഷൻകടയിലെ ഇ-പോസ് മെഷീനിലേക്കു മാറ്റും. അവശ്യസേവന നിയമ പ്രകാരം കടയുടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ഒരു രാജ്യം ഒരു കാർഡ് ഡിസംബറോടെ പൗരന്മാർക്ക് രാജ്യത്തെവിടെയുമുള്ള റേഷൻകടയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയുന്ന പദ്ധതി നടപ്പാകും. കേരളം ഉൾപ്പെടെ 24 സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കാൻ സജ്ജമായി. റേഷൻ കാർഡിൽ പേരുള്ള എല്ലാവരും ആധാർ ലിങ്ക് ചെയ്യണമെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാൻ സർക്കാർ നടപടി തുടങ്ങി. ആകെ റേഷൻ കടകൾ 14,222 കാർഡുകൾ 88,38,029