തിരുവനന്തപുരം: പി.എസ്.സി ചെയർമാൻ സർക്കാരിന്റെ ദുർവൃത്തികളെ വെള്ളപൂശുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ ജോലിയിൽ കരാർ നിയമനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന പി.എസ്.സി ചെയർമാന്റെ വാദം അത്ഭുതകരമാണ്. കൺസൾട്ടൻസികൾ വഴി കരാർ നിയമനം നടത്തുന്ന കാര്യം സർക്കാർ തന്നെ സമ്മതിക്കുമ്പോൾ പി.എസ്.സി ചെയർമാൻ അത് നിഷേധിക്കുന്നത് രാജാവിനെക്കാൾ വിലിയ രാജഭക്തി കാരണമാണെന്നും ചെന്നിത്തല പറഞ്ഞു.
ഉറക്കമിളച്ചിരുന്ന് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുന്ന വിദ്യാർത്ഥികളെ ഇളിഭ്യരാക്കിക്കൊണ്ടാണ് യാതൊരു യോഗ്യതയുമില്ലാതെ സ്വപ്നയെപ്പോലുള്ളവർ വൻശമ്പളത്തിൽ സർക്കാർ ജോലികളിൽ കയറിപ്പറ്റുന്നത്. കൊവിഡിന്റെ മറവിൽ സംസ്ഥാനത്ത് പി.എസ്.സി വഴിയുള്ള നിയമനങ്ങൾ മാസങ്ങളായി നിറുത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിലുണ്ടായ ആയിരക്കണക്കിന് റിട്ടയർമെന്റ് ഒഴിവുകളും ഇതുവരെ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിനു പകരമായി സർക്കാർ എല്ലായിടത്തും സ്വന്തം പാർട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും പിൻവാതിലിലൂടെ നിയമിക്കുന്നു. ഉമാദേവി കേസിലെ സുപ്രീംകോടതി വിധി പോലും ലംഘിച്ചു കൊണ്ടാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. കരാർ നിയമനങ്ങൾ അടിയന്തിരമായി നിർത്തി വച്ച് പി.എസ്.സി വഴി നിയമനം നടത്തണമെന്ന് പി.എസ്.സി ചെയർമാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ് യഥാർത്ഥത്തിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.