gold

തിരുവനന്തപുരം: കേരളത്തിൽ സ്വർണാഭരണ വ്യാപാര മേഖലയിൽ ഇ വേബിൽ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ എസ്.അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു. സ്വർണക്കള്ളക്കടത്ത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനു പകരം സ്വർണ വ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനം ശരിയല്ല.

ഒന്നര പവൻ സ്വർണാഭരണവുമായി പോകുന്നയാളിൽ നിന്ന് ഇ വേബിൽ ആവശ്യപ്പെടാമെന്നും ഇ വേബിൽ ഇല്ലെങ്കിൽ സ്വർണം കണ്ടു കെട്ടാമെന്നുമുള്ള നിയമം സൃഷ്ടിക്കുന്നത് പൗരന്മാരുടെ സ്വാതന്ത്യത്തിൻമേലുള്ള കടന്നുകയറ്റമാകും. സ്വർണാഭരണം വിൽക്കുന്നതിനോ പണയം വയ്ക്കുന്നതിനോ ശ്രമിക്കുന്നവരെപോലും കേസിൽ കുടുക്കാൻ കഴിയുന്ന അധികാരം സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. 80 ശതമാനം വിപണി വിഹിതമുള്ള ചെറുകിട വ്യാപാരികളുടെ നിലനിൽപിനെ ബാധിക്കുന്ന ഇ വേബിൽ നടപ്പാക്കരുതെന്ന് ഭാരവാഹികൾ സർക്കാരിനോടാവശ്യപ്പെട്ടു.