ggg

നെയ്യാറ്റിൻകര: നെയ്യാ​റ്റിൻകര നഗരസഭയിലെ മാലിന്യസംസ്‌കരണ പ്രവർത്തനം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊക്കെ പാളി. ഇക്കഴിഞ്ഞ മഴക്കാലത്തും വഴിനീളെ മാലിന്യക്കൂമ്പാരമാണ്. മാലിന്യങ്ങളിൽ പെയ്തിറങ്ങുന്ന മഴ വെള്ളം റോഡിലൂടെ ഒഴുകുന്നത് കാരണം വഴിയാത്ര പോലും ദുഷ്കരമായ നിലയിലാണ്. നഗരസഭാ പ്രദേശത്തെ മൂന്നുകല്ലിൻമൂട് മുതൽ അമരവിളവരെയും ബസ്‌സ്റ്റാൻഡ് ജംഗ്ഷൻ മുതൽ പിരായുംമൂട് വരെയും ആശുപത്രി കാട്ടാക്കട റോഡിൽ പെരുമ്പഴുതൂർ വരെയും മാലിന്യക്കൂമ്പാരമാണ്. എല്ലാദിവസവും പാതയോരത്തെ മാലിന്യം നീക്കം ചെയ്യുമെന്നാണ് നഗരസഭയുടെ അവകാശവാദം. എന്നാലിത് നടക്കുന്നില്ലെന്നതിന്റെ തെളിവാണ് പാതയോരത്തെ മാലിന്യക്കൂമ്പാരം. ടി.ബി ജംഗ്ഷന് സമീപം എസ്.എൻ.ഡി.പി താലൂക്ക് യൂണിയന്റെ വക ഗുരുമന്ദിരത്തിന് സമീപത്തായി ദിവസങ്ങളോളമായി മാലിന്യം കൂമ്പാരമായി കിടക്കുകയാണ്. ഇവിടേക്ക് നഗരസഭയുടെ ശുചീകരണത്തൊഴിലാളികൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് സമീപവാസികളുടെ പരാതി. നഗരത്തിലെ മാലിന്യസംസ്‌കരണത്തിനായി കഴിഞ്ഞ വർഷം പതിമ്മൂന്ന് എയ്‌റോബിന്നുകൾ സ്ഥാപിച്ചു. ജൈവമാലിന്യങ്ങൾ വേർതിരിച്ചെടുത്ത് എയ്‌റോബിന്നുകളിൽ സ്ഥാപിക്കാനാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാൽ, ഇത് വിജയകരമായി നടപ്പിലാക്കാൻ നഗരസഭയ്ക്കായിട്ടില്ല. എയ്റോബിന്നുകൾ നിറഞ്ഞ് കവിഞ്ഞ് ഇതിൽ മഴ വെള്ളം വീണ് പരിസരമാകെ മാലിന്യം ഒഴുകി വൃത്തിഹീനമാകുകയാണ്.

പ്ലാസ്ടിക് തീരാശാപം

നഗരസഭ തന്നെ നെയ്യാറ്റിൻകരയിൽ പ്ലാസ്ടിക് നിരോധിച്ചിട്ടുണ്ടെങ്കിലും ദിനംപ്രതി പ്ലാസ്​റ്റിക് മാലിന്യമുൾപ്പെടെ കിലോക്കണക്കിന് പ്ലാസ്ടിക് മാലിന്യമാണ് വഴിവക്കുകളിൽ തള്ളുന്നത്. ഇതിൽഹോട്ടൽ മാലിന്യങ്ങളുമുണ്ട്. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തെല്ലാം തെരുവു നായ്ക്കളുടെ ശല്യവും വർദ്ധിച്ചു. പ്ലാസ്​റ്റിക് മാലിന്യംവേർതിരിച്ച് സംസ്‌കരിക്കാനായി നഗരസഭ ഇതുവരെ പദ്ധതി നടപ്പിലാക്കിയിട്ടില്ല. നേരത്തെ തൊഴുക്കലിൽ ഇതിനായുള്ള പദ്ധതിക്കു തുടക്കംകുറിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

മാലിന്യക്കുമ്പാരമായ പ്രദേശങ്ങൾ

മൂന്നുകല്ലിൻമൂട്

കൂട്ടപ്പന

മരുത്തൂ

ടി.ബി ജംഗ്ഷൻ

ആശുപത്രി ജംഗ്ഷൻ

റെയിൽവേസ്റ്റേഷൻ പരിസരം

ബസ് സ്​റ്റാൻഡിന് സമീപം

തവണപ്പുര ലെയ്ൻ

കോൺവെന്റ് ‌റോഡ്

കൃഷ്ണപുരം

ചമ്പയിൽറോഡ്