general

ബാലരാമപുരം: രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡൽ നേടിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ നാടിനാകെ അഭിമാനമാകുന്നു. വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്രേഷനിലെ ഉദ്യോഗസ്ഥനായ തേമ്പാമുട്ടം എതുക്കരവിളാകം വീട്ടിൽ ശിവകുമാറാണ് കൊവിഡ് പ്രതിസന്ധികൾക്കിടയിലും നാടിന്റെ യശ്ശസ് ഉയർത്തിയത്. ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന ശിവകുമാർ നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്.

2010 ൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ,​ 2011ൽ വേൾഡ് റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകത്തിന്റെ അവാർഡ്,​ 2012ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ എന്നിവയാണ് ശിവകുമാറിനെ തേടിയെത്തിയ മറ്റ് ബഹുമതികൾ. അപകടസ്ഥലങ്ങളിൽ മിന്നൽ വേഗത്തിൽ വാഹനമോടിച്ചെത്തി രക്ഷാ പ്രവർത്തനം നടത്തിയതിന് 35 റിവാർഡുകളും ലഭിച്ചിട്ടുണ്ട്. തന്റെ നേട്ടം വ്യക്തിപരമില്ലെന്നും സേനയിലെ എല്ലാ ജീവനക്കാരോടെ കടപ്പെട്ടിരിക്കുന്നതായും ശിവകുമാർ പറയുന്നു.

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കുന്നതിലും സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ബാലരാമപുരം പഞ്ചായത്തിൽ ദുരന്തനിവാരണ സേനയിലെ കൺവീനറും തേമ്പാമുട്ടം ഒരുമ റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയുമാണ്. ഭാര്യ എസ്.എൽ. മിനി കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടറാണ്. ദേവിക,​ ദീപു എന്നിവരാണ് മക്കൾ.