തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അടിക്കടി മാറിവരുന്ന നിർദ്ദേശങ്ങൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് എ.എച്ച്.എസ്.ടി.എ ആരോപിച്ചു. മൊബൈൽ ഫോണിലൂടെ യൂസർ ഐഡിയും പാസ്‌വേഡും സൃഷ്ടിച്ച് അപേക്ഷ നൽകാനായിരുന്നു ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ആദ്യ നിർദ്ദേശം. പിന്നീട് സ്‌കൂളുകൾ വഴിയും മറ്റു സംവിധാനങ്ങളിലൂടെയും അപേക്ഷിക്കാമെന്ന് അറിയിച്ചു. നാലരലക്ഷത്തോളം വിദ്യാർത്ഥികൾ ഇത്തരത്തിൽ അപേക്ഷിച്ചിരുന്നു. ആഗസ്റ്റ് 14 ലെ പുതിയ ഉത്തരവിൽ മൊബൈൽ ഫോണിൽ യൂസർ ഐഡി, പാസ്‌വേഡ് എന്നിവയിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് തുടർന്നുള്ള മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തണമെന്നും അത്തരത്തിൽ ചെയ്യുന്നവർക്ക് മാത്രമേ പ്ലസ് വൺ പ്രവേശനം നേടാൻ കഴിയൂ എന്നുമാണ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല മുൻപു നൽകിയ രജിസ്റ്റർ നമ്പർ, വർഷം, മൊബൈൽ നമ്പർ തുടങ്ങിയവ തിരുത്താനും അനുവാദമില്ല. വിദ്യാർത്ഥികളെ വീണ്ടും അക്ഷയ കേന്ദ്രങ്ങളിലും മറ്റും കയറിയിറങ്ങാൻ നിർബന്ധിതരാക്കുന്ന അനാവശ്യ നടപടി ഒഴിവാക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാറും, ജനറൽ സെക്രട്ടറി എസ്.മനോജും സർക്കാരിനോടാവശ്യപ്പെട്ടു.