തിരുവനന്തപുരം:പാങ്ങപ്പാറ ആശുപത്രി മന്ദിര നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമുള്ള മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്റെ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നതായി മുൻ എം.എൽ.എ എം.എ വാഹിദ് പറഞ്ഞു. താൻ എം.എൽ.എയായിരുന്ന 15 വർഷക്കാലത്ത് കഴക്കൂട്ടത്ത് നടത്തിയ 12000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളിൽ ആദ്യമായിട്ടാണ് ഒരു അഴിമതി ആരോപണമുണ്ടാകുന്നത്. അതുകൊണ്ട് വകുപ്പുതല വിജിലൻസ് അന്വേഷണം മാത്രം പോരാ,പൊലീസ് വിജിലൻസിനെ കൊണ്ട് കൂടി അന്വേഷിപ്പിക്കണമെന്നും,താൻ കഴക്കൂട്ടത്ത് നടപ്പാക്കിയ എല്ലാ പദ്ധതികളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.