തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ 519 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്. 487പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നിലൊന്നും ജില്ലയിൽ നിന്നാണ്. 23 ആരോഗ്യപ്രവർത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇത്രയുമധികം ആരോഗ്യപ്രവർത്തകർക്ക് ഒരു ദിവസം രോഗം റിപ്പോർട്ട് ചെയ്യുന്നതും ആദ്യമായാണ്.
നാല് കൊവിഡ് മരണങ്ങളും കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തു. സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ കിളിമാനൂർ സ്വദേശി യതിരാജ് എന്ന മണികണ്ഠൻ (72) കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. കടുത്ത ആസ്മ രോഗിയായ ഇയാൾക്കാണ് ജയിലിൽ ആദ്യം രോഗമുണ്ടായത്. ചിറയിൻകീഴ് പരവൂരിൽ 14ന് മരിച്ച കമലമ്മ (76), 15ന് ശ്വാസകോശ രോഗത്തെ തുടർന്ന് മരിച്ച 58 കാരിയായ രമാദേവി (58), വെട്ടൂർ സ്വദേശി മഹദ് (48) എന്നിവർക്കും രോഗബാധയുണ്ടായിരുന്നു. എന്നാൽ 14ന് മരിച്ച പാറശാല സ്വദേശി കനകരാജിന്റെ (60) മരണം മാത്രമാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
പൂജപ്പുര സെൻട്രൽ ജയിലിൽ 145 തടവുകാർക്കും ഒരു ഉദ്യോഗസ്ഥനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ജയിൽ രോഗബാധിതരായ തടവുകാരുടെ എണ്ണം 361 ആയി. കോട്ടപ്പുറം, മെഡിക്കൽ കോളേജ്, വിഴിഞ്ഞം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ രോഗികളുള്ളത്. അതിർത്തി പ്രദേശങ്ങളായ അമരവിള, നെയ്യാറ്റിൻകര, ഉച്ചക്കട എന്നിവിടങ്ങളിലും രോഗവ്യാപന തോത് കൂടുതലാണ്. ഇന്നലെ 2,508 പേർ പുതുതായി നിരീക്ഷണത്തിലായി. 375 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 369 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ 190 പേർ രോഗമുക്തി നേടി.
ആകെ നിരീക്ഷണത്തിലുള്ളവർ 22928
വീടുകളിൽ: 19,265
ആശുപത്രികളിൽ: 2930
കൊവിഡ് കെയർ സെന്ററുകളിൽ: 733
ഇന്നലെ നിരീക്ഷണത്തിലായവർ 2,508