വെള്ളരിക്കുണ്ട്(കാസർകോട് ): മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തു. പരപ്പ പട്‌ളംതോടം ചാലിലെ കീരി രവി(45) കൊല്ലപ്പെട്ട സംഭവത്തിലാണ് അടുത്ത സുഹൃത്ത് കനകപ്പള്ളി കൂളിപ്പാറ കരാട്ടെ വില്യാട്ട് വീട്ടിൽ കുഞ്ഞിക്കണ്ണനെ (48) വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ. പ്രേംസദൻ എസ്.ഐ. ശ്രീദാസ് പുത്തൂർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
കത്തിക്കുത്തിൽ പരിക്കേറ്റ് അഞ്ചുദിവസം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം ഡിസ്ചാർജ് ആയി ശനിയാഴ്ച വീട്ടിൽ എത്തിയ കുഞ്ഞിക്കണ്ണൻ ഇന്നലെ രാവിലെ പൊലീസിന്റെ കണ്ണുവെട്ടിച്ചു മുങ്ങാൻ ശ്രമിച്ചപ്പോഴാണ് നീലേശ്വരത്ത് വച്ച് സി ഐയും സംഘവും പിടികൂടിയത്.
പരപ്പ പട്‌ളത്തെ കുഞ്ഞാമു എന്നയാളുടെ വാടക വീട്ടിലാണ് കുഞ്ഞിക്കണ്ണൻ ഇപ്പോൾ താമസം. ഈ മാസം പത്തിനാണ് കുഞ്ഞിക്കണ്ണന്റെ വീട്ടിൽ വച്ച് രവി കുത്തേറ്റു മരിച്ചത്. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവിലാണ് ഇരുവർക്കും കുത്തേറ്റത്. കുത്തേറ്റ കുഞ്ഞിക്കണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും രവി കുത്തേറ്റ് വീണത് ആരുടേയും ശ്രദ്ധയിൽപെട്ടിരുന്നില്ല. പിറ്റേന്നാണ് ഈയാളെ മരിച്ച നിലയിൽ വീടിനടുത്തുള്ള കമുകിൻതോട്ടത്തിൽ കണ്ടെത്തിയത്.
രവിയെ കുത്തിയ കത്തി വീടിന്റെ തട്ടുമ്പുറത്ത് വെച്ചു പൊലീസ് കണ്ടെടുത്തു. തെളിവുകളും ശേഖരിച്ചു. ആയുധം ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഇൻസ്‌പെക്ടർ പ്രേംസദൻ പറഞ്ഞു. അറസ്റ്റിലായ പ്രതി കുഞ്ഞിക്കണ്ണനെ സംഭവം നടന്ന പരപ്പ പട്‌ളത്തെ വീട്ടിൽ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി. കൊവിഡ് ടെസ്റ്റ് ഉൾപ്പെടെ ഉള്ള വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.