പോത്തൻകോട്: നെൽക്കൃഷി നിലച്ച് തരിശായിക്കിടന്ന നഗരസഭയുടെ കാട്ടായിക്കോണം വാർഡിലെ പുല്ലേക്കോണം ഏലാ വീണ്ടും കതിരണിയുന്നു. കഴക്കൂട്ടം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നെൽക്കൃഷിക്ക് തുടക്കം കുറിച്ചത്. കാട്ടായിക്കോണം - പുലേക്കോണം ചിറയിൽ നിന്ന് ആരംഭിച്ച് അണ്ടൂർക്കോണം മരുപ്പൻകോട് വരെയുള്ള 100 ഏക്കറോളം വിസ്‌തൃതിയുണ്ടായിരുന്ന പാടശേഖരമായിരുന്നു പുലേക്കോണം ഏലാ. കാട്ടായിക്കോണത്തെ മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള 15 ഏക്കർ പാടശേഖരത്തിൽ ആദ്യഘട്ടമായി മൂന്നേക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇന്നലെ നടന്ന വിത്തിടൽ മഹോത്സവം മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൗൺസിലർ സിന്ധുശശി, കാട്ടായിക്കോണം രമേശൻ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആമ്പല്ലൂർ, പാട്ടുവിളാകം തുടങ്ങിയ ഏലാകളിൽക്കൂടി നെൽക്കൃഷി ആരംഭിച്ചതിലൂടെ കൃഷിഭവൻ പരിധിയിലെ നെൽക്കൃഷി 42.50 ഏക്കറിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞതായി കഴക്കൂട്ടം കൃഷി ഓഫീസർ പറഞ്ഞു.