photo

കുണ്ടറ: സ്വകാര്യ വ്യക്തി വാടകയ്ക്കെടുത്ത ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ ആറുമുറിക്കട കാളചന്തയിലെ കെട്ടിടത്തിൽ നിന്ന് 28 ചാക്ക് പുകയില ഉല്പന്നങ്ങൾ പൊലീസ് പിടികൂടി. 3 ലക്ഷത്തോളം രൂപ വില വരുന്ന 28 ചാക്ക് പുകയില ഉല്പന്നങ്ങളാണ് കുണ്ടറ പൊലീസ് പിടിച്ചെടുത്തത്.

വാടക കുടിശിക വരുത്തിയതിനാൽ സ്വകാര്യ വ്യക്തിയുമായുള്ള കരാർ റദ്ദാക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. തുടർന്ന് ഈ കടമുറികൾ അങ്കണവാടിക്കായി ഉപയോഗിക്കാൻ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. എന്നാൽ സ്വകാര്യ വ്യക്തിയോട് കടമുറിയുടെ താക്കോൽ തിരിച്ചുനൽകാൻ നിരവധി തവണ പഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയില്ല.

ഇതേതുടർന്ന് ഇന്നലെ രാവിലെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കടമുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ചാക്കുകെട്ടുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങൾ കണ്ടത്. പഞ്ചായത്തംഗം വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. കടമുറികൾ വാടകയ്ക്കെടുത്ത സ്വകാര്യ വ്യക്തിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കുണ്ടറ സി.ഐ ജയകൃഷ്ണൻ പറഞ്ഞു.