തിരുവനന്തപുരം: സൈബർ രംഗത്ത് പൊലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള പൊലീസിന്റെ നേതൃത്വത്തിൽ അന്തർദേശീയതലത്തിൽ സംഘടിപ്പിച്ച വിർച്വൽ ഹാക്കത്തോണിൽ തമിഴ്നാട് സ്വദേശികളായ ആദ്യതൻ എം.കെ, അരവിന്ദ് ഹരിഹരൻ എം, സുരേഷ് കുമാർ എന്നിവരടങ്ങിയ ടീം 5 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി. മലയാളികളായ ഡോ. ഗിരീഷ് എം.കെ, രാമചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ടീം രണ്ടാം സ്ഥാനത്തിനുള്ള രണ്ടര ലക്ഷം രൂപയും ജെയ്ദൻ ജോൺ ബോസ്, നവനീത് കെടി, സുപ്രണ. ജെ എന്നിവരടങ്ങിയ കേരളത്തിൽ നിന്നുള്ള മറ്റൊരു ടീം മൂന്നാം സ്ഥാനത്തിനുള്ള ഒരു ലക്ഷം രൂപയും നേടി. 40 ദിവസത്തോളം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ആഗസ്റ്റ് 15ന് നടന്ന ഹാക്ക്പി വിർച്വൽ സമ്മിറ്റിൽ, എ.ഡി.ജി.പിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാമാണ് വിജയികളെ പ്രഖ്യാപിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. ചടങ്ങിനെ മുഖ്യമന്ത്രി അഭിസംബോധന ചെയ്തു ഡി.ജി.പി ലോക്നാഥ് ബെഹ്റ ആശംസകൾ അറിയിച്ചു.