തിരുവനന്തപുരം: പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടെയിലും സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ 1530 കേസുകളും 10 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ 15,310 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 156 പേരുടെ ജീവനും നഷ്ടമായി. പുതിയ കേസുകളിൽ 1351പേർ സമ്പർക്ക രോഗികളാണ് 100 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി മരണസംഖ്യ ഉയരുന്നത് ആശങ്കാജനകമാണ്. ഈ മാസം 7 ന് മരിച്ച കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവൻ (71), 11ന് മരിച്ച കണ്ണൂർ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂർ കൊമ്പൻവയൽ സ്വദേശി സൈമൺ (60), തളിപ്പറമ്പ് സ്വദേശി സി.വി.വേണുഗോപാലൻ (80), 14ന് മരിച്ച പാറശാല സ്വദേശി കനകരാജ് (60), തിരുവല്ല സ്വദേശി മാത്യു (60), 13ന് മരിച്ച കണ്ണൂർ ഉദയഗിരി സ്വദേശി ഗോപി (69), ആലുവ സ്വദേശി അബ്ദുൾ ഖാദർ (73), 10ന് മരിച്ച ആലുവ സ്വദേശിനി ലീലാമണി അമ്മ (71), 15ന് മരിച്ച കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.
രോഗബാധിതർ വർദ്ധിക്കുന്നതോടൊപ്പം മരണസംഖ്യ ഉയരാതിരിക്കാനുള്ള പരിശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. 53 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. തലസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോബാധനിരക്കാണ് ഇന്നലെയുണ്ടാത്. 519 പേർ രോഗബാധിതരായതിൽ 487പേരും സമ്പർക്ക രോഗികളാണ് മലപ്പുറത്ത് 221 പേരിൽ 200 പേരും ഇത്തരത്തിൽ രോഗബാധിതരായി. എറണാകുളം 123ൽ 110, കോഴിക്കോട് 118ൽ 106, കോട്ടയം 100ൽ 91 എന്നിങ്ങനെ രോഗബാധ നൂറുകവിഞ്ഞ ജില്ലകളിലെ സമ്പർക്ക വ്യാപന നിരക്ക്. അതേസമയം 1099 പേർ രോഗമുക്തിയും നേടി.
പത്തു ദിവസം 59 മരണം
സംസ്ഥാനത്ത് പ്രതിദിന മരണനിരക്ക് വർദ്ധിക്കുന്നു. 10 ദിവസത്തിനിടെ 59 മരണമാണ് സ്ഥിരീകരിച്ചത്.
7ന് 5
8ന് 4
9ന് 2
10ന് 7
11ന് 5
12ന് 6
13ന് 3
14ന് 10
15ന് 7
16ന് 10