തിരുവനന്തപുരം : മൂന്നു വർഷം പൂർത്തിയായ പി.എസ്.സി റാങ്ക് ലിസ്റ്റുകൾ റദ്ദുചെയ്തിട്ടും പുതിയ ലിസ്റ്റ് ഉണ്ടാക്കാൻ നാലേകാൽ വർഷത്തിനിടയിൽ ഇടതുസർക്കാർ ശ്രമിച്ചില്ലെന്നും സ്വന്തക്കാർക്ക് പുറംവാതിൽ നിയമനവും കരാർ നിയമനവും നടത്താനാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കാതിരുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
മൂന്നുവർഷം കാലാവധിയുള്ള പി.എസ്.സി ലിസ്റ്റ് നാലര വർഷം നീട്ടിയ ചരിത്രമാണ് യു.ഡി.എഫ് സർക്കാരിനുള്ളത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.എസ്.സി ലിസ്റ്റ് നിലനിന്നതിനാൽ പിൻവാതിൽ നിയമനംനടന്നില്ല. 45 ലക്ഷത്തോളം തൊഴിൽരഹിതരായ യുവാക്കളുടെ കഠിനാധ്വാനവും സ്വപ്നവും തല്ലിക്കെടുത്തുന്ന ഇടതുസർക്കാർ നയം തിരുത്തണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
സർക്കാർ
ഉദ്യോഗാർത്ഥികളെ
വഞ്ചിക്കുന്നു:
കെ. സുരേന്ദ്രൻ
കോഴിക്കോട്: പി.എസ്.സി നിയമനങ്ങളുടെ കാര്യത്തിൽ ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഉദ്യോഗാർത്ഥികളെ മാദ്ധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം അപഹാസ്യമാണ്. റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി കിട്ടണമെന്നില്ലെന്ന പി.എസ്.സി ചെയർമാന്റെ വാദം വിചിത്രമാണ്. പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾ ചവിട്ടി മെതിച്ച സർക്കാർ പി.എസ്.സിയെ പോലും അഴിമതിക്കുള്ള ഉപാധിയാക്കി മാറ്റിയിരിക്കുകയാണ്. ഇടതു സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെയുള്ള സമരത്തിന് ബി.ജെ.പി നേതൃത്വം നൽകും.
എറണാകുളത്ത് 18ന് നടത്താൻ നിശ്ചയിച്ച ഉപവാസം കൊവിഡ് സ്ഥിരീകരിച്ച ചിലരുമായി സമ്പർക്കമുണ്ടായ സാഹചര്യത്തിൽ മാറ്റിവച്ചതായി സുരേന്ദ്രൻ അറിയിച്ചു.