kovalam

കോവളം: കുവൈറ്റ്, ഫുജൈറ എന്നിവിടങ്ങളിൽ നിന്നും ഇന്ധനവുമായി അന്താരാഷ്ട്ര കപ്പൽചാൽ വഴി സിംഗപ്പൂരിലേക്ക് പോകുന്ന ലൊബേലി,​ നോഡിക് മറീത,​ എന്നീ കപ്പലുകൾ ക്രൂ ചെയ്ഞ്ചിംഗിനായി ഇന്നലെ വിഴിഞ്ഞത്തെത്തി. 19 ജീവനക്കാരെ കരയിലിറക്കുന്നതിനും 18 പേരെ കയറ്റുന്നതിനുമായാണ് ഇവിടെയെത്തിയത്. രാവിലെയെത്തിയ കപ്പലുകൾ 11.30ഓടെ വിഴിഞ്ഞം തീരംവിട്ടു. കൂറ്റൻ ഇന്ത്യൻ വെസലായ ശ്രീവിഷ്‌ണു നാളെ ക്രൂചെയ്ഞ്ചിംഗിന് എത്തും. ഫെയർച്ചെം എന്റൂറൻസ് എന്ന വിദേശ കപ്പലും നാളെ ക്രൂചെയ്ഞ്ചിംഗിന് തീരത്തെത്തും. ജീവനക്കാരുടെ സുരക്ഷ പ്രധാനമായതിനാൽ ടഗ് വേണമെന്ന നിലപാടിലാണ് പല കപ്പൽ ഏജൻസി അധികൃതരും. ഷിപ്പിംഗ് ഏജൻസികൾ വാടകയ്‌ക്കെടുക്കുന്ന എൻ.പി സോഹയെന്ന ടഗ് ബോംബെയിൽ നിന്നും നാളെ വിഴിഞ്ഞത്ത് എത്തിക്കും. തുറമുഖ വകുപ്പ് വാങ്ങിയ ടഗ് എത്തുന്നതോടെ ക്രൂചെയ്‌ഞ്ചിംഗ് സജീവമാകുമെന്ന് അധികൃതർ അറിയിച്ചു.