*അച്ചടക്കനടപടി ശുപാർശ വകുപ്പുതല അന്വേഷണമെന്നാക്കി
തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രിമിനൽ കേസിൽ സഹായിച്ച പൊലീസ് സംഘടനാ നേതാവിനെ രക്ഷിക്കാൻ തിരക്കിട്ട ശ്രമം. നേതാവിനെതിരെ നടപടി ശുപാർശ ചെയ്ത് ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുദിൻ ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ട് ഇതിനായി തിരുത്തിയതായാണ് ആക്ഷേപം.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറും സിറ്റി കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐയുമായ ജി.ചന്ദ്രശേഖരനെ സർവീസിൽ നിന്ന് മാറ്റി നിറുത്തി വിശദമായ അന്വേഷണം നടത്തണമെന്ന് ശുപാർശ ചെയ്ത് ഈ മാസം മൂന്നിനാണ് ഡി.ഐ.ജി റിപ്പോർട്ട് നൽകിയത്. തുടർനടപടി സ്വീകരിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യയ്ക്ക് കൈമാറി. റിപ്പോർട്ടുമായി മുന്നോട്ടു പോയാൽ ചന്ദ്രശേഖരനെതിരെ സസ്‌പെൻഷൻ ഉൾപ്പടെയുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടി വരുമെന്നതിനാൽ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് കമ്മീഷണർ റിപ്പോർട്ട് വീണ്ടും ഡി.ഐ.ജിക്ക് മടക്കി നൽകി. റിപ്പോർട്ടിലെ ശുപാർശ അച്ചടക്കനടപടിക്ക് പകരം വകുപ്പുതല അന്വേഷണമെന്നാക്കി മാറ്റി. മൂന്നു ദിവസം മുൻപ് തിരുത്തിയ റിപ്പോർട്ട് ഡി.ഐ.ജി കമ്മീഷണർക്ക് നൽകിയെന്നാണ് വിവരം. കേസിൽ തിരുവനന്തപുരം റൂറലിലും കൊച്ചിയിലുമുള്ള അസോസിയേഷൻെറ സംസ്ഥാന നേതാക്കൾ കുടുങ്ങുമെന്നതിനാലാണ് റിപ്പോർട്ടിൽ വെള്ളം ചേർത്തതെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞമാസം 10ന് സന്ദീപ് നായർ മദ്യപിച്ച് വാഹനമോടിച്ച് മണ്ണന്തല പൊലീസ് പിടികൂടിയ കേസിൽ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിലാണ് ചന്ദ്രശേഖരൻ അന്വേഷണം നേരിടുന്നത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ബെൻസ് കാറിൽ രണ്ടായിരത്തിന്റെ നോട്ടുകൾ നിറച്ച ബാഗും പൊലീസ് കണ്ടെത്തി. വിവരമറിഞ്ഞ് പാഞ്ഞെത്തിയ ചന്ദ്രശേഖരൻ പണമടങ്ങിയ ബാഗും രേഖകളില്ലായിരുന്ന കാറും വിട്ടുകിട്ടണമെന്ന ആവശ്യപ്പെട്ടു. വഴങ്ങാതിരുന്ന ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി തൊണ്ടിമുതൽ സഹിതം സന്ദീപിനെ ഇറക്കിക്കൊണ്ടു പോയി. . സന്ദീപുമായുള്ള ഫോൺവിളികളും ചന്ദ്രശേഖരനെതിരായ കുരുക്ക് മുറുക്കി.