തൃക്കാക്കര : ഹണി ട്രാപ്പ് കേസിൽ യുവതി അടക്കം നാലുപേർ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. പുതുവൈപ്പ് പുതിയനികത്തിൽ അജിത്ത് (21 ),തോപ്പുംപടി വീലുമ്മേൽ തീത്തപറമ്പിൽ നിഷാദ് ( 21), ഫോർട്ട് കൊച്ചി സ്വദേശി നസ്സി (23) കോഴിക്കോട് സ്വദേശി കാഞ്ഞിരാട്ട് കുന്നുമ്മേൽ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര സി.ഐ ഷാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പച്ചാളം സ്വദേശിയായ വ്യവസായിയെയാണ് ഇവർ കുടുക്കാൻ ശ്രമിച്ചത്. ഇയാളുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. കാക്കനാട് മുണ്ടംപാലത്ത് വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.സ്ത്രീകളെ ഉപയോഗിച്ച് പുരുഷന്മാരെ വശീകരിച്ച് വിളിച്ചുവരുത്തി മർദിച്ച് അവശരാക്കി നഗ്നഫോട്ടോ എടുക്കുകയും പേഴ്‌സും, ഫോണും മറ്റും പിടിച്ചുവാങ്ങി എ.ടി.എമ്മിൽ നിന്നും പണം തട്ടുകയുമാണ് സംഘത്തിന്റെ രീതി.ഓരോ കൃത്യത്തിന് ശേഷവും സംഘങ്ങങ്ങൾ പിരിയുകയും അടുത്ത കുറ്റകൃത്യത്തിന് ഒത്തുകൂടുന്ന രീതിയുമായിരുന്നു ഇവർക്ക്.സാജിദ് താമരശേരിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിലും, അജിത് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പിടിച്ച് പറി കേസിൽ ജാമ്യത്തിലുമുള്ളവരാണ്.എസ്.ഐ മധു ,റോയ്.കെ പുന്നൂസ് ,സുരേഷ് ,ജോസി,ഗിരീഷ് കുമാർ, അനിൽകുമാർ, സി.പി.ഓ മാരായ ജാബിർ,ഹരികുമാർ, രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കോഴിക്കോട് , എറണാകുളം എന്നിവിടങ്ങളിൽ നിന്നും പിടികൂടിയത്.