കിഴക്കമ്പലം:ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന യുവ സംഘത്തെ കുന്നത്തുനാട് പൊലീസ് പിടികൂടി. ആലുവ കോമ്പാറ ചിന്നവീട്ടിൽ ഫസൽ സക്കീർ (20), കലൂർ മക്കഞ്ചംപറമ്പ് കുഞ്ചത്തായി വീട്ടിൽ നിഷാദ് (32), കോമ്പാറ കൂലിയ വീട്ടിൽ ഷിഫാസ് (21) എന്നിവരെയും, പ്രായപൂർത്തിയാകാത്ത പ്ളസ്ടു വിദ്യാർത്ഥിയെയുമാണ് പിടികൂടിയത്.
കഴിഞ്ഞ 10 ന് കിഴക്കമ്പലം ഞാറള്ളൂരിൽ സ്കൂട്ടർ നിർത്തി മൊബൈൽ ഫോണിൽ സംസാരിച്ചു നിന്ന കുന്നുകര സൗത്ത് അടുവാശേരി ചേറ്റിയപ്പിള്ളി വിഷ്ണു മോഹന്റെ ഭാര്യ അഞ്ജുവിന്റെ ഒന്നര പവൻ മാലയും, താലിയും കവർന്ന കേസിലാണ് അറസ്റ്റ്. പൾസർ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്.
പ്ളസ്ടൂക്കാരനാണ് മാല പൊട്ടിക്കുന്നതിൽ വിദഗ്ദ്ധൻ. ഇവിടെയുൾപ്പടെ നാലിടങ്ങളിൽ മാല പൊട്ടിച്ചതും ഇയാളാണ്. ആർഭാട ജീവിതത്തിനാണ് മോഷണം. പ്രതികളിൽ രണ്ടു പേരുടെ പിതാക്കൾ വിദേശത്താണ്.
രാവിലെ വീട്ടിൽ നിന്നറങ്ങി ബൈക്കിൽ വിവിധ വഴികളിൽ കറങ്ങി നടക്കും. ഒറ്റപ്പെട്ട ആൾ സഞ്ചാരം കുറഞ്ഞ മേഖലകളിൽ സ്ത്രീകളുടെ മാല കവർന്ന് രക്ഷപ്പെടുകയാണ് പതിവ്. കേസിലെ പ്രതിയായ ഫസൽ സക്കീർ പോക്സോ കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചെങ്ങമനാട് അടുത്ത ഓപ്പറേഷനായി എത്തുന്നതിനിടെയാണ് പൊലീസിന്റെ വലയിൽ ആകുന്നത്.
കഴിഞ്ഞ മാസം വാഴക്കുളം, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധികളിലും ഇവർ മോഷണം നടത്തിയിട്ടുണ്ട്. പെരുമ്പാവൂർ ഡിവൈ.എസ്.പി കെ.ബിജുമോന്റെ നേതൃത്വത്തിൽ കുന്നത്തുനാട് എസ്.ഐ വി.ടി ഷാജൻ, എസ്.ഐ മാരായ കെ.ടി ഷൈജൻ, സാജൻ ഒ.വി, എ.എസ്.ഐ സത്താർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനാഫ്, ശിവദാസ്, അനൂപ്, അജിൽകുമാർ, നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.