കോവളം: വഴിത്തർക്കത്തെ തുടർന്ന് അയൽക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചതുപ്പിൽ വീണ യുവാവിനെ രക്ഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. തിരുവല്ലം എസ്.ഐ ബിപിൻ പ്രകാശ് ഉൾപ്പെടെ ആറ് പൊലീസുകാർക്ക് നിസാര പരക്കേറ്റു. പരസ്‌പരം ഏറ്റുമുട്ടിയ സംഘത്തെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഒടുവിൽ കൂടുതൽ പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയോടെ തിരുവല്ലം മധുപാലം തോട്ടിൻ കരഭാഗത്തുള്ള ഗ്രേസിയും പരിസരവാസികളായ മഞ്ചുഷ്, സദൻകുമാർ, ഷിബു എന്നിവരുമായി വഴിത്തർക്കവുമായി ബന്ധപ്പെട്ടുണ്ടായ വഴക്ക് സംഘ‍ർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ ഗ്രേസിയുടെ ചെറുമകൻ ചതുപ്പിൽ വീണു. സംഭവമറിഞ്ഞെത്തിയ തിരുവല്ലം എസ്.ഐ ബിപിൻ പ്രകാശും സംഘവും യുവാവിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുമ്പോൾ എതിർസംഘം അവടേക്ക് ഓടിയെത്തി. തുടർന്ന് യുവാവിനെ വീണ്ടും ആക്രമിക്കാനൊരുങ്ങിയതോടെ പൊലീസ് ഇവരെ തടഞ്ഞു. എന്നാൽ പൊലീസിനെ ആക്രമിച്ച് യുവാവിനെ മർദ്ദിക്കാൻ തുടങ്ങിയതോടൊയാണ് പൊലീസുമായി ഏറ്റുമുറ്റലുണ്ടായത്. യുവാവിനെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ നാല് വർഷംമുമ്പ് നടന്ന കവർച്ചാ കേസ്,​ ഹവാല പണം കൊണ്ടുപോയയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെയും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.