തിരുവനന്തപുരം: കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകളിൽ ഇളവുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കുമരിച്ചന്തയിൽ ഇന്നലെ വൈകിട്ട് ജനം തെരുവിലിറങ്ങി. ഒടുവിൽ ഡെപ്യൂട്ടി കളക്ടർ ഇടപെട്ടതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച് ഇന്ന് വൈകിട്ടോടെ തീരുമാനമെടുക്കുമെന്ന ഉറപ്പിലാണ് രണ്ടു മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ കുമരിച്ചന്ത ജംഗ്‌ഷനിലാണ് ആൾക്കാർ തടിച്ചുകൂട്ടിയത്. സമീപ വാർഡുകളിൽ നിന്നടക്കമുള്ള നൂറുകണക്കിന് പേർ ഇവിടെ എത്തിയിരുന്നു. രോഗവ്യാപനമുള്ള പ്രാദേശങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, വ്യാപാര സ്ഥാപനങ്ങൾക്ക് ഏഴുമവരെ പ്രവർത്തിക്കാൻ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾ കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പുത്തൻപള്ളി, പൂന്തുറ മേഖലയിലെ ഭൂരിപക്ഷം ആളുകളും പരിശോധനയ്‌ക്ക് വിധേയരായവരാണെന്നും രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്രശ്‌നമുള്ള മേഖല മാത്രം അടച്ചിട്ട് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് പൊലീസെത്തി പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് ഡെപ്യൂട്ടി കളക്ടർ ജയമോഹൻ, തഹസിൽദാർ രാജശേഖരൻ എന്നിവരെത്തി ചർച്ച നടത്തിയത്. ആവശ്യങ്ങൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഇവർ ഉറപ്പുനൽകി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടിയതിന് നൂറോളം പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.