തിരുവനന്തപുരം :മൊബൈൽ ഫോൺ മോഷ്ടിച്ചതിന് പിടിയിലായ യുവാവിനെ സ്റ്റേഷനിലെ ടോയ്ലെറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കരിമഠം സ്വദേശി അൻസാരി (38 ) ആണ് രാത്രി പത്തുമണിയോടെ ടോയ്ലെറ്റിൽ തൂങ്ങിയ നിലയിൽ കണ്ടത്.
കിഴക്കേക്കോട്ടയിൽ ഇന്നലെ വൈകിട്ട് ഒരാളിന്റെ മൊബൈൽ പിടിച്ചുപറി നടത്തിയ അൻസാരിയെക്കുറിച്ച് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.തുടർന്ന് ഫോർട്ട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.മൊബൈൽ കണ്ടെത്താനായി സ്റ്റേഷന് സമീപമുള്ള ഡിറ്റക്ഷൻ കേന്ദ്രത്തിൽ ഇയാളെ നിറുത്തിയിരിക്കുകയിരുന്നു.ഇതിനിടെ രാത്രി പത്തുമണിയോടെ ഉടുമുണ്ടിൽ ഇയാൾ തൂങ്ങുകയായിരുന്നു. സംഭവം കണ്ട പൊലീസുകാർ ഉടൻതന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷം പോസ്റ്റുമോർട്ടം നടത്തും.സംഭവമറിഞ്ഞ് ഉന്നത പൊലീസ് അധികാരികൾ ഫോർട്ട് സ്റ്റേഷനിലെത്തി. ഇയാളെ മർദ്ദിച്ചിട്ടില്ലെന്നും ശരീരത്തിൽ മർദ്ദനേറ്റ പാടുകളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു.