വെഞ്ഞാറമൂട്: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന സമരങ്ങളിൽ ഏറ്റവും പ്രധാന്യം അഹിക്കുന്നതാണ് കല്ലറ പാങ്ങോട് സമരം. ഈ സമരത്തിന് സാക്ഷ്യം വഹിച്ച പാങ്ങോട് പൊലീസ് സ്റ്റേഷൻ ഇന്ന് പകുതിയോളം തകർന്ന നിലയിലാണ്. ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടേണ്ട ഈ കെട്ടിടം ഇന്ന് ജീർണാവസ്ഥയിലാണ്. പ്രധാന മേൽക്കൂര പൊളിച്ച് മേൽക്കൂരയിലെ തടികൾക്ക് പകരം ഇരുമ്പ് പെെപ്പുകൾ പിടിപ്പിച്ച് ഓട് പാകിയെന്നതൊഴിച്ചാൽ മറ്റ് യാതൊരു സംരക്ഷണ ശ്രമങ്ങളും ഇവിടെ നടത്തിയിട്ടില്ല. ഈ കെട്ടിടത്തിന്റെ പകുതിയോളം വരുന്ന പിറകുവശം മേൽക്കൂരയില്ലാതെ ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. ഈ ഭാഗങ്ങളിൽ പഴയ കുപ്പികളും മറ്റ് പാഴ്വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്നത് കാരണം ഇവിടെ ഇഴ ജന്തുക്കളുടെ താവളമായി മാറിയിരിക്കുന്നു.
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ക്രൂരമായ മർദ്ദനമുറകൾക്ക് സാക്ഷ്യംവഹിച്ച പാങ്ങോട് പൊലീസ് സ്റ്റേഷൻ മന്ദിരം ഇന്ന് പാഴ്‌വസ്തുക്കളുടെ കൂമ്പാരമായി മാറിയിരിക്കുന്നു. ഇത് കല്ലറ പാങ്ങോട് സമരത്തോടുള്ള അവഹേളനമായി നാട്ടുകാർ ചൂണ്ടികാണിക്കുന്നു. ഏഴോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കല്ലറ പാങ്ങോട് പഞ്ചായത്ത് പരിധിക്കുള്ളിലാണ് വരും തലമുറകൾ പഠനവിധേയമാക്കേണ്ട ചരിത്ര സ്മാരകം അർഹിക്കുന്ന പ്രാധാന്യം നൽകാതെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്.
പൊലീസ് വെടിവയ്പിൽ രക്തസാക്ഷിത്വം വഹിച്ച പ്ലാങ്കീഴ് കൃഷ്ണപിള്ള, കൊച്ചുനാരായണൻ ആശാരി തുടങ്ങിയവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുള്ളതും ഈ പൊലീസ് സ്റ്റേഷന് മുന്നിലാണ്. ഇത്രയും ചരിത്ര പ്രാധാന്യമുള്ള പൊലീസ് സ്റ്റേഷൻ അർഹമായ പ്രധാന്യം നൽകി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊലീസ് സ്റ്റേഷൻ മന്ദിരത്തിന് 100 വർഷത്തിലധികം പഴക്കം
പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടില്ല.
കല്ലറ-പാങ്ങോട് സമരം നടന്നത് 1938 ൽ
പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത് 2 പേർ
തൂക്കിലേറ്റപ്പെട്ടത് 2 പേർ
പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടത് 5 പേർ
പാങ്ങോട് പൊലീസ് സ്റ്റേഷൻ ഈ മന്ദിരത്തിൽ പ്രവർത്തിച്ചിരുന്നത് 2006 വരെ
പാങ്ങോട് പൊലീസ് സ്റ്റേഷൻ സംരക്ഷിക്കുന്നതിന് പുരാവസ്തുവകുപ്പ് പ്രത്യേക താല്പര്യം എടുക്കേണ്ടതായിട്ടുണ്ട്. കല്ലറ-പാങ്ങോട് സമര ചരിത്രവും പൊലീസ് സ്റ്റേഷൻ മന്ദിരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ച് പുരാവസ്തു വകുപ്പിന് കത്ത് നൽകും.
അടൂർ പ്രകാശ് എം.പി
സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സ്മരണകൾ നിലനിറുത്തുന്ന ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് പാങ്ങോട് പൊലീസ് സ്റ്റേഷൻ മന്ദിരം. ഇതിനായി കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ വിനിയോഗിക്കണം.
പാലോട് രവി, മുൻ എം.എൽ.എ
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഗവൺമെന്റിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വിഷയം പുരാവസ്തുവകുപ്പിന്റെ പരിഗണനയിലാണ്.
അഡ്വ. ഡി.കെ. മുരളി എം.എൽ.എ