flood

തിരുവനന്തപുരം: രണ്ടു കൊല്ലം മുമ്പും കഴിഞ്ഞ വർഷവും നടന്ന പ്രളയത്തിലെ ദുരിതബാധിതരിൽ പലരും ആശ്വാസത്തിനായി കാത്തിരിക്കുമ്പോൾ സർക്കാർ ചെലവഴിക്കാതെ സൂക്ഷിക്കുന്നത് 2192.05 കോടി രൂപ. 4342 കോടിയാണ് രണ്ട് പ്രളയത്തിലുമായി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ചെലവഴിച്ചത് 2810 കോടി. 1532 കോടി അവശേഷിക്കുന്നു. ദുരന്തനിവാരണ ഫണ്ടിലേക്ക് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് 3004.85 കോടി. ചെലവഴിച്ചത് 2344.80 കോടി. ശേഷിക്കുന്നത് 660.05 കോടി. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലെ 1532 കോടിയും കേന്ദ്ര ഫണ്ടിലെ 660.05 കോടിയും ചേർന്നാണ് 2192.05 കോടി ചെലവഴിക്കാതെ സർക്കാരിന്റെ പക്കലുള്ളത്.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പലരുടെയും കണ്ണീരിന് സാന്ത്വനമില്ല. 2018ലെ പ്രളയത്തിൽ തകർന്ന പല വീടുകളുടെയും അറ്റകുറ്റപണി തീർത്തിട്ടില്ല. ഇതിനായി 200 കോടിയുടെ എസ്റ്റിമേറ്റ് തിട്ടപ്പെടുത്തിയെങ്കിലും തുക വീട്ടുടമകൾക്ക് കിട്ടിയിട്ടില്ല.

2019 ൽ വീണ്ടും പ്രളയമുണ്ടായ സാഹചര്യത്തിൽ സംസ്ഥാനം 2109 കോടി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നൽകിയില്ല. ആദ്യം അനുവദിച്ച തുക ചെലവഴിച്ചില്ലെന്ന് പറഞ്ഞായിരുന്നു നിഷേധിച്ചത്. അത് പൂർണമായും ശരിയല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

നഷ്ടം ഇങ്ങനെ

#ഐക്യരാഷ്ട്ര സംഘടന കണ്ടെത്തിയ പ്രളയ നഷ്ടം 26,718 കോടി

#പുനർനിർമ്മാണത്തിന് കണക്കാക്കിയത് 31,000 കോടി

#കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത് 5616 കോടി

സർക്കാർ പണം നൽകാനുള്ളത്

#ജലസേചനസംവിധാനങ്ങൾ പുനർനിർമ്മിച്ചതിന് വാട്ടർ അതോറിട്ടിക്ക്- 536.7 കോടി

#പ്രളയകാലത്ത് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ അരിയുടെ വില- 204 കോടി

#പ്രളയത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിച്ചതിന് കരാറുകാർക്ക്- 201.11 കോടി

കാത്തിരിക്കുന്നു

പ്രളയത്തിൽ തകർന്ന വീടുകളുടെ കേടുപാടുകൾ തീർക്കുന്നതിന് കണക്കാക്കിയത് 200 കോടി. പണം നൽകാത്തതിനാൽ പല വീടുകളുടെയും അറ്റകുറ്റപണി തീർക്കാനായില്ല.