കടയ്ക്കാവൂർ: കണ്ടെയ്ൻമെന്റ് സോണായ അഞ്ചുതെങ്ങിൽ മത്സ്യവില്പനയുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ അഞ്ചുതെങ്ങിൽ റോഡ് ഉപരോധിച്ചു. മാമ്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷൻ, മണ്ണാക്കുളം എന്നിവിടങ്ങളിലാണ് ഉപരോധം നടന്നത്. മത്സ്യവില്പനയ്ക്കായി പഞ്ചായത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ പോകാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. വില്പന കൂടിയാൽ മാത്രമേ നിത്യ ചെലവിനുള്ള പണം കണ്ടെത്താൻ കഴിയൂവെന്നും തൊഴിലാളികൾ പറയുന്നു. പ്രതിഷേധം ശക്തമായതോടെ ആർ.ഡി.ഒ ജോൺ സാമുവലിന്റെ നേതൃത്വത്തിൽ തൊഴിലാളികളുമായി ചർച്ച നടത്തി. നിലവിൽ രോഗവ്യാപന സാദ്ധ്യത കൂടിയ പ്രദേശമായ അഞ്ചുതെങ്ങിൽ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരുമെന്നും അതുകഴിഞ്ഞ് സാഹചര്യം വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കാമെന്നും ആർ.ഡി.ഒ അറിയിച്ചു. അഞ്ചുതെങ്ങിന് പ്രത്യേക പാക്കേജ് വേണമെന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നിർദ്ദേശം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. എസ്.പി. ഷാജി സുഗുണൻ, ഡിവൈ.എസ്.പി സുരേഷ്, കൊവിഡ് പ്രതിരോധ ചുമതലയുള്ള ഡിവൈ.എസ്.പിമാരായ ബിനു, റെജി, സി.ഐമാരായ ചന്ദ്രദാസ്, കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലൈജു, കൊവിഡ് കൺട്രാേൾ നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണബാബു, പള്ളി വികാരിമാരായ ജോസഫ് ഭാസ്കർ, ജസ്റ്റിൻജൂഡ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.