ayurveda-oil-massage

സ്വാസ്ഥ്യസംരക്ഷണം അഥവാ രോഗപ്രതിരോധം,​ രോഗചികിത്സ,​ കിടപ്പു രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള കൈത്താങ്ങ് എന്നിങ്ങനെ മൂന്നു തരത്തിലാണ് ആയുർവേദം ആരോഗ്യരംഗത്ത് ചുവടുറപ്പിച്ചിരിക്കുന്നത്.

സ്വാസ്ഥ്യസംരക്ഷണത്തിനായി ആയുർവേദത്തിൽ ദിനചര്യ (ദിവസവും പ്രഭാതത്തിൽ ഉണരുന്നതു മുതൽ രാത്രി ഉറങ്ങുന്നതു വരെ ചെയ്യേണ്ട കാര്യങ്ങൾ),​ ഋതുചര്യ (ഓരോ ഋതുവിലും പാലിക്കേണ്ട കാര്യങ്ങൾ), സദ് വൃത്തം, ആഹാര സംബന്ധിയായ വിഷയങ്ങൾ തുടങ്ങി ഓരോ വ്യക്തിയും സ്ഥിരം ശീലിക്കേണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്

ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അഭ്യംഗം അഥവാ എണ്ണതേപ്പ്.

ആയുർവേദം കേവലം എണ്ണ തേപ്പ് മാത്രമാണെന്ന ധാരണ പലർക്കുമുണ്ട്. എണ്ണ തേക്കാൻ പറ്റിയ അവസ്ഥയിലല്ലാത്ത പല രോഗികളും ഡോക്ടറുടെ നിർദ്ദേശമില്ലാതെ തൈലം തേയ്ക്കുകയും താൽക്കാലിക ആശ്വാസത്തോടൊപ്പം രോഗം വർദ്ധിച്ചു വഷളാവുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ എണ്ണ (തൈലം) തലയിലോ, ദേഹത്തോ തേയ്ക്കാൻ പാടില്ല എന്ന കാര്യം ആദ്യമേ തന്നെ ഒാർമ്മപ്പെടുത്തട്ടെ.

ഒരു വേദനയുണ്ടാകുമ്പോൾ‌ അതിന് കാരണമായ രോഗത്തെക്കുറിച്ച് ചിന്തിക്കാതെയും തിരിച്ചറിയാതെയും പലപ്പോഴും കടയിൽ നിന്ന് തൈലം വാങ്ങി പുരട്ടി (ചിലപ്പോൾ 4-5 തവണ ) രോഗം വർദ്ധിച്ച അവസ്ഥയിലാണ് പലരും ഡോക്ടറെ കാണാനെത്തുന്നത്. തൈലം ഉപയോഗിക്കാൻ പാടില്ലാത്ത രോഗങ്ങളിൽ പോലും അതുപയോഗിച്ച് രോഗം ഗുരുതരമാകുമ്പോൾ പഴി കേൾക്കേണ്ടി വരുന്നത് മഹത്തായ ആയുർവേദമാണ്.

 രാത്രിയിൽ തൈലം പുരട്ടി കിടന്നുറങ്ങാൻ പാടില്ല. പൊട്ടൽ പോലും തൈലമിട്ട് തടവി രോഗിയുടെ അവസ്ഥ അപകടത്തിലാക്കുന്ന വ്യാജ വൈദ്യൻമാർ കാരണം ആയുർവേദത്തിന് ഉണ്ടായിരിക്കുന്ന പേരുദോഷം ചെറുതല്ല. ശരീരത്തെ രോഗങ്ങളിൽ നിന്ന് രക്ഷിച്ച് ആരോഗ്യം നില നിർത്താൻ സഹായിക്കുന്ന ദിവസേനയുള്ള ആചരണത്തെയാണ് ദിനചര്യ എന്ന് പറയുന്നത്.

 ദിവസവും എണ്ണ തേക്കുന്നത് ജര, ക്ഷീണം എന്നിവയെ ശമിപ്പിക്കുന്നു. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.നല്ല ഉറക്കവും തൊലിക്ക് മാർദ്ദവവും നൽകുന്നു. ശിരസ്, ചെവി, പാദം എന്നിവിടങ്ങളിൽ എല്ലാ ദിവസവും എണ്ണ തേയ്ക്കേണ്ടതാണ്. തലയിൽ എണ്ണ തേച്ചാൽ തലയ്ക്കും ശരീരത്തിനും കുളിർമ്മയും ഉറക്കവും ലഭിക്കുന്നു. തലയിൽ ഉണ്ടാകാവുന്ന രോഗങ്ങളെ ഇല്ലാതാക്കും.മുടിക്ക് ബലവും നിറവും നൽകുകയും ചെയ്യുന്നു. തലയ്ക്ക് നല്ല സുഖമുണ്ടാകും. കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഇന്ദ്രിയങ്ങളുടെ വിഷയ ഗ്രഹണശക്തി വർദ്ധിക്കും.

 ചെവിയിൽ എണ്ണ തൊട്ടു വയ്ക്കുന്നത് ശിരസ്സിനെ ബാധിക്കുന്ന രോഗങ്ങളെ തടയുന്നു. ഹനുസ്തംഭം,തലവേദന, ചെവി വേദന എന്നിവ ശമിക്കുകയും ചെയ്യും. പാദത്തിൽ എണ്ണ തേക്കുന്നത് കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെ തളർച്ചയും തരിപ്പും ഇല്ലാതാക്കുന്നു. കാലിലെ തൊലിക്ക് മൃദുത്വം പ്രദാനം ചെയ്യുന്നു.

തൈലം തേയ്ച്ച് 30-60 മിനിറ്റ് കഴിഞ്ഞ് ചൂടു വെള്ളത്തിൽ കഴുകിക്കളയേണ്ടതാണ്.

 ധാരാളം രോഗങ്ങൾക്ക് അഭ്യംഗം (എണ്ണ തേപ്പ്) ശമനം വരുത്തുന്നുണ്ട്.എന്നാൽ കഫം വർദ്ധിച്ചുണ്ടായ രോഗമുള്ളവരിലും, വമനം, വിരേചനം തുടങ്ങിയ ശോധന ക്രിയകൾ ചെയ്തിരിക്കുന്നവരിലും ദഹനക്കേടുള്ളവരും എണ്ണ തേയ്ക്കാൻ പാടില്ല.

ചുമ, ജലദോഷം, പനി എന്നിവയുള്ളവർ തലയിലോ ശരീരത്തിലോ എണ്ണ തേക്കാൻ പാടില്ല.

 കുട്ടികളെ തലയിലും ശരീരത്തിലും എണ്ണ തേയ്ച്ചു കുളിപ്പിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശൈശവകാലം മുതൽ എണ്ണ ശരീരമാസകലം തേച്ചു കുളിപ്പിക്കുന്ന രീതി നമ്മുടെ നാട്ടിൽ നിലവിലുണ്ട്.

എന്നാൽ,​ എന്തെങ്കിലും രോഗങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ എണ്ണ തേയ്ക്കാൻ പാടുള്ളൂ.

കഫരോഗങ്ങൾക്ക് പുറമെ നടുവേദന, മുട്ടുവേദന, പിടലി വേദന തുടങ്ങിയ പല രോഗങ്ങളുടേയും ആരംഭാവസ്ഥയിൽ തൈലം തേയ്ക്കാൻ പാടില്ല. ഉളളിൽ മരുന്നുകൾ കഴിച്ച് ശരീരത്തെ തൈല പ്രയോഗത്തിനുള്ള അവസ്ഥയിൽ എത്തിച്ചതിനു ശേഷമേ തൈലം ഉപയോഗിക്കാൾ പാടുള്ളൂ.

ദൂഷ്യം, ദേശം, ബലം, കാലം, അഗ്നി, പ്രകൃതി, വയസ്, സത്വം, സാത്മ്യം, ആഹാരം എന്നിങ്ങനെ 10കാര്യങ്ങൾ പരിഗണിച്ചാണ് ഒരു ഡോക്ടർ ചികിത്സ നിശ്ചയിക്കുന്നത്. തൈല പ്രയോഗത്തിനും ഇവ ബാധകമാണ്.

വേണ്ട സമയത്ത് ശരിയായ രീതിയിൽ തൈലം ഉപയോഗിച്ചാൽ അത് ആരോഗ്യത്തെ വർദ്ധിപ്പിക്കുന്നു. അനവസരത്തിൽ ഉപയോഗിച്ചാൽ അത് രോഗം വർദ്ധിപ്പിക്കുന്നു.

ഡോ. ബീന.എം.
മെഡിക്കൽ ഓഫീസർ
ജി.എ.ഡി. പുല്ലംപാറ.