photo

നെടുമങ്ങാട്: റേഡിയോ ഒച്ചകൂട്ടി വച്ചത് ചോദ്യം ചെയ്ത അനുജനെ ജ്യേഷ്ഠൻ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കാച്ചാണി തടിമില്ലിനു സമീപം ബിസ്മി നിവാസിൽ ഷെമീർ (26) ആണ് മരിച്ചത്. സഹോദരൻ ഹിലാൽ (30)നെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം.

ഉറക്കത്തിനിടയിലാണ് ഷെമീറിനുനേരെ ആക്രമണമുണ്ടായത്. പിതാവ് അബ്ദുൽ അസീസും മാതാവ് റഷീദയും അടുത്ത മുറിയിലുണ്ടായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയപ്പോൾ ഇരുമ്പ് പൈപ്പ് കൊണ്ട് ഹിലാൽ വീണ്ടും സഹോദരന്റെ തലയ്ക്കടിക്കുന്നതാണ് കണ്ടത്. തടയാൻ ശ്രമിച്ച ഇരുവരെയും ഹിലാൽ തറയിൽ തള്ളിയിട്ടു. അബ്ദുൽ അസീസ് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സി.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി. തല പൊട്ടി ചോര വാർന്നുകിടന്ന ഷെമീറിനെ പൊലീസ് വാഹനത്തിൽ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.

പ്ലസ്‌ടു വരെ പഠിച്ച ഷെമീർ തിരുവനന്തപുരത്ത് സ്വകാര്യ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ്. എഫ്.എം റേഡിയോ ശബ്ദം കൂട്ടി വയ്ക്കുന്നതിനെ ചൊല്ലി വീട്ടിൽ സഹോദരങ്ങൾ തമ്മിൽ വഴക്ക് പതിവായിരുന്നു. ഞായറാഴ്ച വൈകിട്ടും ഇതേച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാകാം ആക്രമണമെന്ന് അരുവിക്കര പൊലീസ് പറഞ്ഞു. മുമ്പ് പ്രൈവറ്റ് ബസ് ഡ്രൈവറായും ആട്ടോ ഡ്രൈവറായും ജോലി നോക്കിയിരുന്ന ഹിലാൽ അടുത്തിടെ ഒരപകടത്തിൽപ്പെട്ട് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ സൂചിപ്പിച്ചു. അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊവിഡ് ടെസ്റ്റിനുശേഷം ഇന്ന് ഉച്ചയോടെ ഷെമീറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കും.