cow-farmer

കിളിമാനൂർ: പ്രതിസന്ധിയിലായിരുന്ന ക്ഷീരകർഷകർക്ക് പൊന്നോണ സമ്മാനമായി സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങളെത്തിയതോടെ മേഖലയിൽ പുത്തൻ ഉണർവ്. കാലിത്തീറ്റയുടെയും വൈക്കോലിന്റെയും വിലക്കയറ്റവും പച്ചപ്പുല്ല് കിട്ടാനില്ലാത്തതും നാളുകളായി ക്ഷീരമേഖലയെ തളർച്ചയിലേക്ക് തള്ളിവിടുകയായിരുന്നു. ഇതിനനുസരിച്ച് പാലിന് വില ലഭിക്കാതെയും വന്നതോടെ കർഷകർ മറ്റ് മേഖലകളിലേക്ക് തിരിയുന്ന സാഹചര്യമായിരുന്നു. എന്നാൽ കർഷകർക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പിന്റെ ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയതാണ് സംസ്ഥാനത്തെ പാലുത്പാദന മേഖലയെ വീണ്ടും കൈപിടിച്ചുയർത്തുന്നത്.

ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ഇന്നലെ മുതൽ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപയാണ് സബ്സിഡി നിരക്കിൽ നൽകിത്തുടങ്ങിയത്. ഏപ്രിൽ മാസം അളന്ന പാലിന്റെ അടിസ്ഥാനത്തിൽ പരമാവധി 5 ചാക്ക് കാലിത്തീറ്റയാണ് സബ്സിഡിയായി നൽകുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ 2.95 ലക്ഷം ചാക്ക് കാലിത്തീറ്റ വിതരണം ചെയ്യാനാണ് തീരുമാനം. പാൽ സംഭരണ, വിപണന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ക്ഷീരസംഘം ജീവനക്കാർക്ക് കൊവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അടിയന്തര സഹായമായി 10000 രൂപ ക്ഷീരവികസന വകുപ്പ് മുഖേന ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ധനസഹായത്തോടെ ക്ഷീരസംഘങ്ങൾ വഴി 8500 ടൺ വൈക്കോലും പച്ചപ്പുല്ലും വിതരണം ചെയ്യാൻ ആരംഭിച്ചതും കർഷകർക്ക് ആശ്വാസം പകരുന്നു.

പറയാനുണ്ടായിരുന്നത് നഷ്ടത്തിന്റെ കണക്കുകൾ

ക്ഷീരസംഘങ്ങൾവഴി സംഭരിക്കുന്ന പാലിന്റെ വില വർദ്ധിപ്പിച്ച ശേഷവും കർഷകർക്ക് നഷ്ടത്തിന്റെ കണക്കാണ് പറയാനുണ്ടായിരുന്നത്. കാലിത്തീറ്റയുടെയും വൈക്കോലിന്റെയും വില കുത്തനെ കൂടിയതാണ് ഇതിനുകാരണം. നിലവിൽ ചാക്കൊന്നിന് 1250 രൂപയാണ് കാലിത്തീറ്റയുടെ വില. വൈക്കോലിനാകട്ടെ ഒരു കെട്ടിന് 35-40 രൂപയും. പുതുക്കിയ വില അനുസരിച്ച് ഒരു ലിറ്റർ പാലിന് 48 രൂപയാണ് ലഭിക്കേണ്ടതെങ്കിലും ഗുണനിലവാരം അനുസരിച്ച് 37 രൂപയൊക്കെയാണ് കർഷകന് ലഭിക്കുന്നത്. ഇങ്ങനെ നഷ്ടത്തിലേക്ക് പോയിരുന്ന ക്ഷീര മേഖലയ്ക്ക് പുതിയ പദ്ധതികൾ ഏറെ ആശ്വാസകരമാണ്.

ഇവ ആശ്വാസകരം

കാലിത്തീറ്റ സബ്സിഡി : 400 രൂപ(ഒരു ചാക്കിന്)​

സബ്സിഡി ലഭിക്കുന്നത്: 05 ചാക്കിന്

വിതരണം ചെയ്യുന്നത്: 2.95 ലക്ഷം ചാക്ക്

അടിയന്തര ധനസഹായം: 10000 രൂപ

ക്ഷീരസംഘങ്ങൾ വഴി പച്ചപ്പുല്ലും വൈക്കോലും

വിതരണം ചെയ്യുന്നത്: 8500 ടൺ

കാലിത്തീറ്റവില: 1250 രൂപ(ഒരു ചാക്ക്)​

വൈക്കോലിന്: 35-40. രൂപ( ഒരു കെട്ട്)​

പാൽവില: 48 രൂപ( ഒരു ലിറ്രറിന്)​