attingal

ആറ്റിങ്ങൽ: നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ദേശീയപാതയിലെ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള ഭാഗം വ്യാപാരികളുടെയും നാട്ടുകാരുടെയും അഭ്യർത്ഥന മാനിച്ച് വാഹന സഞ്ചാരത്തിന് തുറന്നു കൊടുത്തു. രണ്ട് മാസമായി മേഖലയിൽ വൺവേ സംവിധാനമാണുണ്ടായിരുന്നത്. ഓണത്തോടനുബന്ധിച്ചുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ചിങ്ങം ഒന്നിന് റോഡ് താൽകാലികമായി ഗതാഗത യോഗ്യമാക്കിയത്. അഡ്വ.ബി. സത്യൻ എം.എൽ.എ നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ ഔദ്യോഗിക വാഹനം കടത്തിവിട്ട് ഗതാഗതം പുനരരാംഭിച്ചു.

പഴയ റോഡ് ഇളക്കി മാറ്റി 20 സെന്റീമീറ്റർ മുതൽ 60 സെന്റീമീറ്റർ വരെ കുഴിച്ച് വെറ്റ് മെക്കാഡം സ്ഥാപിച്ചാണ് 8 മീറ്റർ വീതിയിൽ റോഡിന്റെ ഒരു വശം നിർമ്മിച്ചത്.

കൊവിഡ് പ്രതിസന്ധി കാരണം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾക്കും ചെറുകിട വിപണികൾക്കും ഏറെ മാന്ദ്യം സംഭവിച്ചിരിക്കുന്നു. ഇതിനോടൊപ്പം ഗതാഗതക്കുരുക്കും ഉണ്ടായാൽ ഓണ വിപണിയെ സാരമായി ബാധിക്കും. ഓണക്കാലം കഴിഞ്ഞാലുടൻ നിർമ്മാണം പുനരാരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.