agri

കർഷക ദിനത്തിൽ കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിസമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ എൻ.ടി. ശിവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ: ബി.ആർ.സിയിലെ അദ്ധ്യാപകർ കർഷക ദിനത്തിൽ കൃഷിയിറക്കി മാതൃകയായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് കിളിമാനൂരിലെ ഓഫീസ് വളപ്പിൽ കൃഷി ആരംഭിച്ചത്. ഓഫീസ് കെട്ടിടം ഷീറ്റിട്ടപ്പോൾ ഉപയോഗശൂന്യമായ പഴയ ഓടുകൾ കൂട്ടിക്കെട്ടിയാണ് ചട്ടി തയ്യാറാക്കിയത്. 70ഓളം ചട്ടികളിലായി വഴുതന, മുളക്, വെണ്ട തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കുട്ടികളിലും അദ്ധ്യാപകരിലും കാർഷികസംസ്‌കാരം വളർത്തിയെടുക്കുന്നതിന് മാതൃകയായി പ്രവർത്തിക്കുകയാണ് ബി.ആർ.സിയുടെ ലക്ഷ്യമെന്ന് ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി.ആർ പറഞ്ഞു. കർഷക ദിനത്തിൽ സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ എൻ.ടി. ശിവരാജൻ പച്ചക്കറി തൈകൾ ബി.പി.സി സാബു വി. ആറിന് നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉപയോഗശൂന്യമായ ഓടുകൾ ഉപയോഗിച്ച് ചെടിച്ചട്ടികൾ തയ്യാറാക്കുന്ന രീതി ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എസ്. ജവാദ്, പ്രഥമാദ്ധ്യാപകൻ കെ.വി. വേണുഗോപാൽ, അദ്ധ്യാപകരായ പി.വി. രാജേഷ്, ആർ.കെ. ദിലീപ് കുമാർ, അനിൽ നാരായണരു, എസ്. സുരേഷ് കുമാർ, അദ്ധ്യാപക പരിശീലകർ, സി.ആർ.സി കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.