കോവളം: മത്സ്യബന്ധനത്തിന് ഇളവുകൾ വന്നതോടെ വിഴിഞ്ഞം തീരം വീണ്ടും സജീവമായി. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച പുതിയ മാർഗരേഖ പ്രകാരമാണ് നിറുത്തിവച്ച മത്സ്യബന്ധനം ഇന്നലെ പുനരാരംഭിച്ചത്. കൊഴിയാള, ചെമ്പല്ലി, കേരച്ചൂര, അയല എന്നിവയുമായാണ് തൊഴിലാളികൾ ഇന്നലെ തീരത്തെത്തിയത്. വള്ളത്തിലും കട്ടമരത്തിലും ചെറുവള്ളത്തിലുമായാണ് തൊഴിലാളികൾ കടലിൽ പോയത്. വാളയും ഞണ്ടും കണവയും ധാരാളമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ. കൊഴിയാള ഒരു പെട്ടിക്ക് 1500 - 2000 നിരക്കിലാണ് ലേലത്തിൽ വിറ്റുപോയത്. ഓൺലൈൻ പാസ് ലഭിച്ചിട്ടുള്ള മൊത്തക്കച്ചവടക്കാർക്ക് മാത്രമേ വാഹനവുമായി ഹാർബറിൽ പ്രവേശിക്കാനാകൂ. തുറമുഖത്തേക്കുള്ള വാഹനങ്ങളുടെയും തൊഴിലാളികളുടെയും വരവും പോക്കും പൊലീസിന്റെ നിയന്ത്രണത്തിലാണ്. സാമൂഹിക അകലം പാലിച്ചാൽ മാത്രമേ പ്രാദേശിക കച്ചവടക്കാർക്ക് മീൻ വാങ്ങാൻ അവസരമുള്ളൂ. തീരത്തിന് 100 മീറ്റർ അകലെ ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസുകാരുണ്ട്. തീരത്തുനിന്ന് 150 മീറ്റർ അകലെയായി സാമൂഹിക അകലം പാലിച്ചാണ് മത്സ്യത്തൊഴിലാളികൾ കച്ചവടം നടത്തുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് വിഴിഞ്ഞത്ത് കച്ചവടം നടത്താൻ അനുമതി.